നവോമി ഒസാക്ക യു.എസ്. ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യൻ
ഫൈനലിൽ വിക്ടോറിയ അസരങ്കയെ തോൽപ്പിച്ചു
ന്യൂയോർക്ക് : യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടത്തിൽ വീണ്ടും ജാപ്പനീസ് താരം നവോമി ഒസാക്കയുടെ മുത്തം. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ വിക്ടോറിയ അസരങ്കയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് ലോക പത്താംറാങ്കുകാരി ഒസാക്ക ചാമ്പ്യനായത്. ആദ്യ സെറ്റ് പൊരുതുക പോലും ചെയ്യാതെ കൈവിട്ട ശേഷമാണ് ഗംഭീര തിരിച്ചു വരവ് നടത്തി അടുത്ത രണ്ട് സെറ്റും സ്വന്തമാക്കി ഒസാക്ക കപ്പുയർത്തിയത്. സ്കോർ: 1-6, 6-3, 6-3. 1 മണിക്കൂർ 53 മിനിട്ടിലാണ് ഒസാക്കയുടെ ജയം.
അമ്മയായ ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ അസരങ്ക ആദ്യ സെറ്റിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഒസാക്കെയെ നിലയുറപ്പിക്കാനനുവദിക്കാതെ 26 മിനിട്ടിൽ 6-1ന് അസരങ്ക ആ സെറ്റ് സ്വന്തമാക്കി പതിമ്മൂന്നോളം പിഴവുകൾ ഒസാക്ക ആ സെറ്റിൽ വരുത്തി.
രണ്ടാം സെറ്റിലും 2-0ത്തിന് അസരങ്ക തുടക്കത്തിൽ ലീഡെടുത്തെങ്കിലും ബലാറസ് താരത്തിന്റെ സർവീസ് രണ്ട് തവണ ബ്രേക്ക് ചെയ്ത് ഒസാക്ക കളിപിടിക്കുകയായിരുന്നു. 4-3ന് ലീഡെടുത്ത ശേഷം കുതിച്ചു കയറിയ ഒസാക്ക 6-3ന് ആ സെറ്റ് സ്വന്തമാക്കി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടുകയായിരുന്നു. മൂന്നാം സെറ്റിൽ തുടക്കത്തിൽ ലീഡെടുത്ത ഒസാക്കയ്ക്കെതിരെ തിരിച്ചുവരാൻ അസരങ്കയ്ക്ക് അവസരം കിട്ടിയെങ്കിലും കൃത്യമായി മുതലാക്കാനാകാതെ താരം പിഴവുകൾ വരുത്തിയതോടെ മത്സരം ജാപ്പനീസ് താരത്തിന്റെ വരുതിയിലാവുകയായിരുന്നു. തുടർച്ചയായ 11 മത്സരങ്ങളിൽ വിജയത്തിന് ശേഷമാണ് അസരങ്ക തോൽവി അറിയുന്നത്.
ഒസാക്കയുടെ രാഷ്ട്രീയത്തിനും നിറഞ്ഞ കൈയടി !
ഇരുപത്തിരണ്ടാം വയസിൽ മൂന്നാം ഗ്രാൻഡ് സ്ലാം കിരീടത്തിൽ മുത്തമിട്ട് ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന നവോമി ഒസാക്ക ഏറ്റുവാങ്ങുന്ന കൈയടികൾ കായിക ലോകത്തിന്റേത് മാത്രമല്ല, മനുഷത്വം മരിച്ചിട്ടില്ലാത്ത മുഴുവൻ മനുഷ്യരുടേയും കൂടിയാണ്. ഇത്തവണ യു.എസ് ഓപ്പണിൽ ഫൈനൽ വരെ കളിച്ച ഏഴു മത്സരങ്ങളിലും ഒസാക്കയെത്തിയെത്തിയത് അമേരിക്കയിൽ വംശീയ വിവേചനത്തിനിരയായി മരിച്ച കറുത്ത വർഗക്കാരുടെ പേരെഴുതിയ മാസ്കണിഞ്ഞാണ്.
മത്സരശേഷം പത്രസമ്മേളനത്തിലും ഈ മാസ്ക് ധരിച്ചാണ് ഒസാക്ക പങ്കെടുത്തിരുന്നത്. ലോകത്തെ ഏറ്റവും വലിയ കായിക വേദികളിലൊന്നിനെ വംശീയ വിവേചനത്തിനെതിരായ പോരാട്ട ഭൂമിയാക്കി മാറ്റുകയായിരുന്നു ഒസാക്ക. ചരിത്രമുറുങ്ങുന്ന ആർതർ ആഷെ സ്റ്റേഡിയത്തിൽ നിന്ന് അവൾ നൽകിയ സന്ദേശം ടെലിവിഷനിലും ലൈവ് സ്ട്രീമിംഗിലൂടെയും കളി കണ്ട ജനകോടികൾക്ക് വംശീയ നീതിയെക്കുറിച്ച് ഉറക്കെ ചിന്തിക്കാനുള്ള എയ്സായി മാറി.
ബ്രയോണ ടെയ്ലർ, ഇലിജ മക്ലൈൻ, അഹ്മൗദ് അർബറി, ട്രയ്വോൺ മാർട്ടിൻ, ജോർജ് ഫ്ലോയിഡ്, ഫിലാണ്ടോ കാസ്റ്റിൽ, താമിർ റൈസ് എന്നിവരുടെ പേരുകളെഴുതിയ മാസ്കുകളാണ് ഒസാക്കയണിഞ്ഞത്. 2014ൽ ഒഹിയോയിലെ ക്ലീവ് ലാൻഡിൽ പൊലീസുകാരന്റെ വെടിയേറ്റു മരിച്ച 12 കാരൻ താമിർ റൈസിന്റെ പേരെഴുതിയ മാസ്കണിഞ്ഞാണ് ഒസാക്ക ഫൈനലിന് എത്തിയത്. കിരീടം വാങ്ങുമ്പോഴും ആ മാസ്ക് ധരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സമ്മാനദാനച്ചടങ്ങിൽ മുഖം കാണിക്കണമെന്ന യു.എസ് ഓപ്പൺ അധികൃതരുടെ സ്നേഹപൂർവമായ നിർബന്ധത്തിന് താരം സമ്മതം മൂളുകയായിരുന്നു.
കിരീട ധാരണത്തിന് ശേഷം ഈ മാസ്കുകൾ കൊണ്ട് എന്ത് സന്ദേശമാണ് നൽകാനാഗ്രഹിച്ചതെന്ന അഭിമുഖം നടത്തിയ ആളുടെ ചോദ്യത്തിന് നിങ്ങൾക്ക് എന്ത് സന്ദേശമാണ് കിട്ടിയതെന്നായിരുന്നു ഒസാക്കയുടെ മറുചോദ്യം. നിങ്ങളെപ്പോലെ ജനങ്ങളെല്ലാം ഇതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി ഇത് തന്നെയായിരുന്നു എന്റെ സന്ദേശം ഒസാക്ക കൂട്ടിച്ചേർത്തു.
ഒസാക്കയുടെ പിതാവ് ഹെയ്ത്തി സ്വദേശിയും മാതാവ് ജപ്പാൻകാരിയുമാണ്. ഒസാക്ക ജനിച്ചത് ജപ്പാനിലാണെങ്കിലും മൂന്ന് വയസു മുതൽ താമസിക്കുന്നത് യു.എസിലാണ്. യു.എസ് പൊലീസുകാരന്റെ ക്രൂരതയ്ക്കിരയായി കഴിഞ്ഞിടെ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡ് മരിച്ചതിനെ തുടർന്ന് ശക്തിപ്രാപിച്ച ബ്ലാക്ക് ലീവ്സ് മാറ്റർ പ്രക്ഷോഭത്തിന് നേരത്തേ തന്നെ നവോമി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
വിസ്കോൻസെനിൽ കറുത്തവർഗക്കാരൻ ജേക്കബ് ബ്ലേക്കിനു പൊലീസിന്റെ വെടിയേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് യു.എസ് ഓപ്പണിന് തൊട്ടുമുമ്പുള്ള സിൻസിനാറ്റി മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിന്റെ സെമിയിലെത്തിയ ശേഷം ഒസാക്ക നാടകീയമായി പിൻമാറ്റം പ്രഖ്യാപിച്ചിരുന്നു. സംഘാടകർ ഏറെ നിർബന്ധിച്ചതിന് ശേഷമാണ് പിന്നീട് ഒസാക്ക മത്സരത്തിനിറങ്ങാൻ തയാറായത്.
2018ൽ യു.എസ് ഓപ്പൺ ഫൈനലിൽ സെറീന വില്യംസിനെ കീഴടക്കി ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടുമ്പോൾ നവോമി ചിരിക്കുകയായിരുന്നില്ല. നാട്ടുകാരിയായ സെറീനയെ തോൽപ്പിച്ചതിന്റെ ദേഷ്യത്തിൽ കൂക്കിവിളിയും ആക്ഷേപവും ചൊരിഞ്ഞ കാണികൾക്ക് നടുവിൽ നിന്ന് കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു അവൾ. മൂന്ന് വർഷങ്ങൾക്കിപ്പുറം മാനവരാശിയെ പ്രതിസന്ധിയിലാക്കിയ മഹാമാരിക്കാലത്ത് അതേ കോർട്ടിൽ നവോമി വീണ്ടും കിരീടം ഉയർത്തുമ്പോൾ ഗാലറി ശൂന്യമായിരുന്നു. പക്ഷേ ലോകം മുഴുവൻ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. അവളുടെ കളിയഴകിനും അവളുയർത്തിക്കാട്ടിയ രാഷ്ട്രീയത്തിനും ആദരവായി...
2018 ലാണ് ഒസാക്ക ആദ്യമായി യു.എസ് ഓപ്പൺ ചാമ്പ്യനാകുന്നത്
സെറീന വില്യംസിനെയാണ് അന്ന് കീഴടക്കിയത്
2019ൽ ആസ്ട്രേലിയൻ ഓപ്പണും ഒസാക്ക സ്വന്തമാക്കി