uae-flu

അബുദാബി: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് യു.എ.ഇ. രണ്ടാം തരംഗത്തില്‍ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കഴിഞ്ഞ ദിവസമാണ്. എട്ട് ദിവസങ്ങള്‍ക്കിടെ ആയിരത്തിലധികം കേസുകള്‍ ഇതാദ്യമായാണ് യു.എ.ഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്നതും ആശങ്ക ജനിപ്പിക്കുന്നു.

അതേസമയം, കൊവിഡിനൊപ്പം വരാനിരിക്കുന്ന പകര്‍ച്ചപ്പനിയെ നേരിടുവാനും തയ്യാറെടുക്കുകയാണ് ഇപ്പോള്‍ രാജ്യം. ഈ വര്‍ഷത്തെ അംഗീകൃത ഫ്ലൂ വാക്‌സിനുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായും കൊവിഡ് മഹാമാരിക്കിടെ വരാനിരിക്കുന്ന മറ്റ് പകര്‍ച്ചവ്യാധികളെയും വെല്ലുവിളിയേയും നേരിടാന്‍ തയ്യാറാണെന്നും ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചു. ഇതിലൂടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രോഗബാധിതരുടെ എണ്ണം കുറയ്ക്കുവാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.


കൊവിഡ് രോഗവ്യാപനത്തില്‍ ഏറ്റവും ഉയര്‍ന്ന കണക്കുകളുമായി യു.എ.ഇ. ശനിയാഴ്ച ആയിരത്തിലധികം ആളുകള്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,007 പേര്‍ക്ക് പുതിയതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. മെയ് 22ന് 994 രോഗികളെ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഏറ്റവും ഉയര്‍ന്ന കൊവിഡ് ബാധിതരെ കണ്ടെത്തുന്നത് ശനിയാഴ്ചയാണ്. നിയന്ത്രണങ്ങള്‍ക്ക് നല്‍കിയ ഇളവുകള്‍ തന്നെയാണ് ഇപ്പോള്‍ കൊവിഡ് വ്യാപിക്കുവാന്‍ കാരണമായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടികള്‍ സ്‌കൂളുകളില്‍ തിരിച്ചെത്തുകയും മാളുകളും കടകളും വീണ്ടും തുറക്കുകയും ചെയ്തു. ഇതിന് പുറമെ, വിനോദസഞ്ചാരികള്‍ കൂടി യു.എ.ഇ ലക്ഷ്യമാക്കി എത്തിയതോടെ രോഗം വ്യാപിക്കുകയാണ്. ഒത്തുചേരലുകള്‍ അടക്കമുള്ളവയ്ക്ക് തടയിടുന്നതിന് കടുത്ത പിഴയാണ് ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഒന്ന് ശ്രദ്ധയില്‍പെട്ടാല്‍ ഒത്തുകൂടലിന്റെ സംഘാടകന് 10,000 ദിര്‍ഹം പിഴയും പങ്കെടുക്കുന്നവര്‍ക്ക് 5,000 ദിര്‍ഹം പിഴയും ഈടാക്കുവാനാണ് നിര്‍ദ്ദേശം. നിലവില്‍, കല്യാണ പാര്‍ട്ടികള്‍ക്ക് ഒരു ടേബിളില്‍ നാല് പേര്‍ എന്ന വിധത്തിലും ഒരു സംഘത്തില്‍ 10 പേര്‍ മാത്രം എന്ന തരത്തിലുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, അടുത്തകാലത്ത് സാമൂഹിക അകലവും മാസ്‌കിന്റെ ഉപയോഗവും പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.