മലപ്പുറം: പെട്ടെന്നുണ്ടായ വെള്ളപൊക്കം മൂലം നദിയിൽ ഒലിച്ചുപോകാൻ തുടങ്ങിയ ഒരു മാസം മാത്രം പ്രായമുള്ള ആനക്കുട്ടിയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് വിട്ടു. മലപ്പുറത്തെ നിലമ്പൂരിലെ ചോക്കാടിലാണ് ഞായറാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്. കനത്ത മഴയ്ക്കിടെ, വലിയൊരു ശബ്ദം കേട്ട പ്രദേശവാസികളാണ് നദിയിൽ ഒഴുകി നടക്കുന്ന ആനക്കുട്ടിയെ കണ്ടെത്തിയത്. ഒട്ടും താമസിയാതെ തന്നെ ഇവർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തേക്ക് പാഞ്ഞെത്തിയ വനവകുപ്പ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് ആനക്കുട്ടിയെ വടവും മറ്റ് രക്ഷാസംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ട് കരയ്‌ക്കെത്തിച്ചത്. നദിയിൽ വീണത് ആനക്കുട്ടി ഏറെ പരിഭ്രമത്തിലും അങ്കലാപ്പിലുമായിരുന്നുവെന്നും രക്ഷാപ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു. സഹായിക്കാനെത്തിയ നാട്ടുകാരെ തന്റെയടുത്തേക്ക് അടുപ്പിക്കാൻ ആനക്കുട്ടി കൂട്ടാക്കായിരുന്നില്ല.
ഏകദേശം ഒരു കിലോമീറ്ററോളം ആനക്കുട്ടി നദിയിലൂടെ ഒഴുകി നടന്നുവെന്നും അതിന് ശേഷമാണ് മൃഗം നാട്ടുകാരുടെ കണ്ണിൽപ്പെട്ടതെന്നും നിലമ്പൂർ സൗത്ത് ഡിവിഷന് കീഴിലുള്ള കളിക്കാവ് ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
രക്ഷിക്കാനായി വന്ന നാട്ടുകാരുടെ മുന്നിൽ നിന്നും ആനക്കുട്ടി ആദ്യം ഓടി രക്ഷപ്പെടാനാണ് നോക്കിയതെന്നും ലോറിയിൽ കയറ്റിയ ശേഷം അതിൽ നിന്നും ചാടാൻ പോലും അത് ശ്രമിച്ചുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മൃഗം അതിവെപ്രാളം കാണിച്ചതുകാരണം വേണ്ടവിധം പരിശോധനകൾ നടത്താതെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അതിനെ കാട്ടിലേക്ക് വിട്ടത്. എന്നാൽ ആനക്കുട്ടിക്ക് പരിക്കുകളൊന്നും സംഭവിച്ചില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.