bangal-ganesh-roy

കൊൽക്കത്ത: ബംഗാളിലെ ഗോഹത്ത് ഹൂഗ്ലി ജില്ലയിൽ ബി.ജെ.പി പ്രവർത്തകനായ ഗണേഷ് റോയ്‌യെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്നും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്നും ബി.ജെ.പി ആരോപിച്ചു.

ശനിയാഴ്ച വൈകിട്ട് മുതൽ ഗണേഷിനെ കാണാനില്ലായിരുന്നു. തൃണമൂൽ പ്രവർത്തകർ കൊലപ്പെടുത്തിയതാണെന്നാണ് ഗണേഷിന്റെ കുടുംബവും ആരോപിച്ചു. തൃണമൂൽ പ്രവർത്തകർ ഗണേഷിനെയും തങ്ങളെയും നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. ഗോഹത്തിലെ പ്രധാന റോഡുകൾ ഉപരോധിച്ചു. വൻ പൊലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം, മരണത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പ്രതികരിച്ചു.

ഗണേഷ് റോയിയുടെ മരണത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി. നേതാക്കളും രംഗത്തെത്തി. വീണ്ടും ജനാധിപത്യത്തെ കൊന്നുകളഞ്ഞെന്നായിരുന്നു ബി.ജെ.പി ബംഗാൾ ഘടകത്തിന്റെ ട്വീറ്റ്. മൃതദേഹം തൂങ്ങിനിൽക്കുന്ന ദൃശ്യങ്ങളും ബി.ജെ.പി ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ഗണേഷ് റോയിയുടെ മരണം കൊലപാതകമാണ്. തൃണമൂൽ പ്രവർത്തകരാണ് പ്രതികൾ.

-ബി.ജെ.പി. ബംഗാൾ അദ്ധ്യക്ഷൻ ദിലീപ് ഘോഷ്