roopa

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ആത്‌മനിർഭർ പാക്കേജിലുൾപ്പെടുത്തി എം.എസ്.എം.ഇകൾക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രത്യേക പദ്ധതിപ്രകാരം ഇതിനകം ബാങ്കുകൾ അനുവദിച്ചത് 1.63 ലക്ഷം കോടി രൂപയുടെ വായ്‌പകൾ. മൊത്തം മൂന്നുലക്ഷം കോടി രൂപയുടേതാണ് എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീം (ഇ.സി.എൽ.ജി.എസ്)​ എന്ന അടിയന്തര വായ്‌പാ പദ്ധതി.

ഇതിൽ,​ ഇതിനകം 1.18 ലക്ഷം കോടി രൂപ വിതരണം ചെയ്‌തു; 25 ലക്ഷം എം.എസ്.എം.ഇ യൂണിറ്റുകൾക്ക് പ്രയോജനം ലഭിച്ചുവെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ,​ ഹൗസിംഗ് ഫിനാൻസ് കമ്പനികൾ,​ മൈക്രോ ഫിനാൻസ് കമ്പനികൾ എന്നിവയിലൂടെയും എം.എസ്.എം.ഇകൾക്ക് മൂലധന വായ്‌പ ലഭ്യമാക്കുന്ന പാർഷ്യൽ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമിലേക്കായി 25,​055 കോടി രൂപയും ബാങ്കുകൾ അനുവദിച്ചിട്ടുണ്ട്.

കർഷകർക്കായി നബാർഡ് മുഖേന 30,​000 കോടി രൂപയുടെ വായ്‌പാ സഹായം നൽകുന്ന പദ്ധതിയിലേക്ക് ആഗസ്‌റ്റ് 28നകം 25,​000 കോടി രൂപ അനുവദിച്ചുവെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ബാക്കി 5,​000 കോടി രൂപ സ്‌പെഷ്യൽ ലിക്വിഡിറ്റി സ്‌കീമിലൂടെ നബാർഡിന് റിസർവ് ബാങ്ക് നൽകും.