ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനിടെ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ഇന്ത്യ നിർമ്മിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിൻ അടുത്തവർഷം ആദ്യത്തോടെ വിപണയിലെത്തിക്കുമെന്ന് ഹർഷവർദ്ധൻ അറിയിച്ചു. എന്നാൽ വാക്‌സിൻ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ച ശേഷം മാത്രമേ വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം നടത്തൂ. വാക്‌സിൻ സുരക്ഷ, ചെലവ്, ആവശ്യകത എന്നീ പ്രശ്‌നങ്ങൾ ചർച്ച ചെയ്തുവരുന്നതായും മന്ത്രി അറിയിച്ചു. വാക്‌സിൻ തയാറായി കഴിഞ്ഞാൽ ആവശ്യകത അനുസരിച്ച് മുൻഗണന ക്രമം അനുസരിച്ചായിരിക്കും വിതരണം. വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഓക്‌സ്‌ഫോഡ് സർവകലാശാലയും ആസ്ട്രസെനകയും ചേർന്ന് നിർമിച്ച കൊവിഡ് വാക്‌സിന്റെ പരീക്ഷണം കഴിഞ്ഞദിവസം പുനഃരാരംഭിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. വാക്‌സിൻ പരീക്ഷിച്ച ഒരാളിൽ അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്ന് നേരത്തേ വാക്‌സിൻ പരീക്ഷണം നിർത്തിവെച്ചിരുന്നു. ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ കാരണം കാണിക്കൽ നോട്ടീസ് അയച്ചതിനെ തുടർന്ന് ഇന്ത്യയിലും സെറം ഇൻസ്റ്റിറ്റ്യട്ട് പരീക്ഷണം നിർത്തിവെച്ചിരുന്നു.