സോഷ്യല്‍ മീഡിയയിൽ സജീവമായ സിനിമാതാരങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ് കുഞ്ചാക്കോ ബോബനും. അതേസമയം ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളൊന്നുമല്ല സോഷ്യല്‍ മീഡിയയിലൂടെ ചാക്കോച്ചന്‍ സാധാരണ പങ്കുവെക്കാറ്. എന്നാല്‍ ഇപ്പോഴിതാ താന്‍ പുഷ് അപ്പ് ചെയ്യുന്നതിന്റെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം.
പത്ത് വര്‍ഷത്തോളം തന്നെ അലട്ടിയ കൈമുട്ട് വേദനയെ കുറിച്ച് തുറന്ന് പറഞ്ഞ് മലയാളികളുടെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബന്‍. തന്റെ ഷോള്‍ഡര്‍ വേദന ഇപ്പോള്‍ പൂര്‍ണമായി ഭേദപ്പെട്ടെന്നും വലിയ സന്തോഷമുണ്ടെന്നും ചാക്കോച്ചന്‍ പറയുന്നു.
''ഈ വീഡിയോ നിങ്ങള്‍ക്ക് ഒരു സാക്ഷ്യമായി എടുക്കാം. അല്ലെങ്കില്‍, എന്റെ ദീര്‍ഘനാളായുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷം ഞാന്‍ പങ്കുവയ്ക്കുകയാണ്. ഏകദേശം കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി എന്റെ ഷോള്‍ഡറുകള്‍ക്ക് ചില ഗുരുതരമായ പ്രശ്നങ്ങളുണ്ടായിരുന്നു, പ്രത്യേകിച്ച് വലത് ഷോള്‍ഡറിന്. ലിഗ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നം എന്നെ അലട്ടിയിരുന്നു. നിശ്ചിത ഉയരത്തില്‍ എനിക്ക് കൈകള്‍ ഉയര്‍ത്താന്‍ പോലും സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നു, വലത് കൈ ഉയര്‍ത്തണമെങ്കില്‍ എന്റെ ഇടതു കൈ കൊണ്ട് താങ്ങി പിടിക്കേണ്ടി വന്ന അവസ്ഥ, എനിക്ക് ബാഡ്മിന്റണ്‍ കളിക്കാനോ ക്രിക്കറ്റ് കളിക്കാനോ സാധിച്ചിരുന്നില്ല.
അതിനേക്കാള്‍ ഉപരിയായി സിനിമയിലെ പാട്ട് രംഗങ്ങളില്‍ എന്റെ സുന്ദരികളായ നായികമാരെ എടുത്തുപൊക്കാന്‍ പോലും സാധിക്കാതിരുന്ന മോശം അവസ്ഥ! തമാശകള്‍ക്ക് അപ്പുറം ഒരു പുഷ് അപ് പോലും എടുക്കാന്‍ എന്നെക്കൊണ്ട് ഈ വര്‍ഷങ്ങളില്‍ സാധിച്ചിരുന്നില്ല. എന്റെ ഓര്‍ത്തോ ഡോ.മാമന്‍ അലക്സാണ്ടറിനോട് ഞാന്‍ നന്ദി പറയുന്നു, അനാവശ്യ മരുന്നുകളോ അനാവശ്യ നിര്‍ദേശങ്ങളോ നല്‍കാതെ എനിക്ക് ആവശ്യമുള്ള സമയത്തെല്ലാം ഒപ്പം നിന്നതിന്..സൗഖ്യ സ്പര്‍ശമുള്ള മാന്ത്രിക മനുഷ്യനാണ് അദ്ദേഹം,'' ചാക്കോച്ചന്‍ കുറിക്കുന്നു.
''എന്റെ ജിം ട്രെയിനര്‍ ഷൈജന്‍ അഗസ്റ്റിനോടും നന്ദി പറയുന്നു. എന്റെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ പിന്തുണച്ചതും എനിക്ക് എന്നില്‍ തന്നെ വിശ്വാസമുണ്ടാകാന്‍ സഹായിച്ചതും അദ്ദേഹമാണ്. ഞാനൊരു ജിം തല്‍പരനായ ആളല്ല, ആരോഗ്യപരമായ ദിനചര്യകള്‍ എന്നെ മുഷിപ്പിക്കാറുണ്ട്. എന്നാല്‍, അപ്പോഴെല്ലാം അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചും ധൈര്യം നല്‍കിയും കൂടെയുണ്ടായിരുന്നു. എന്നില്‍ ഇത്ര മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വെറും രണ്ട് മാസമാണ് അദ്ദേഹത്തിനു വേണ്ടിവന്നത്. ഈ വീഡിയോ പലര്‍ക്കും ലളിതമാണെന്ന് തോന്നുമെങ്കിലും, ഞാന്‍ അനുഭവിച്ച ഒരു കുട്ടിയുടേതുപോലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. അത് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനകരമാണെങ്കില്‍, ഞാന്‍ വളരെ സംതൃപ്തനാണ്!'' സോഷ്യല്‍ മീഡിയയില്‍ ചാക്കോച്ചന്‍ കുറിച്ചു.