ന്യൂഡൽഹി: വിമാനത്തിനുള്ളിൽ യാത്രക്കാർ ഫോട്ടോ എടുക്കുന്നതിന് വിലക്കില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ തിരുത്തൽ.
മുംബയ് ഇൻഡിഗോ വിമാനത്തിൽ നടി കങ്കണ റണൗട്ടിന്റെ ഫോട്ടോ എടുക്കാൻ മാദ്ധ്യമപ്രവർത്തകർ ശ്രമിച്ചതിന് പിന്നാലെ വിമാനത്തിനുള്ളിൽ ആരെങ്കിലും ഫോട്ടോ എടുത്താൽ സർവീസ് രണ്ടാഴ്ചത്തേക്ക് നിറുത്തി വയ്പ്പിക്കുമെന്ന് വിമാനക്കമ്പനികൾക്ക് ഡി.ജി.സി.എ ശനിയാഴ്ച കർശന നിർദേശം നൽകിയിരുന്നു.
'കർശന നിയന്ത്രണങ്ങളുള്ള വിമാനത്തിന്റെ ടേക്ക്ഓഫ്, ലാൻഡിംഗ് വേളയിൽ ഒഴികെ യാത്രക്കാർക്ക് തുടർന്നും ഫോട്ടോ, വീഡിയോ എടുക്കാം. വിമാനത്തിനുള്ളിൽ ഫോട്ടോഗ്രാഫിക്ക് യാതൊരു വിലക്കുമില്ല." ഡി.ജി.സി.എ പുതിയ ഉത്തരവിൽ വിശദീകരിച്ചു.
അതേസമയം വിമാനത്തിനുള്ളിൽ ശല്യമാകുന്ന വിധത്തിൽ ഫോട്ടോ എടുക്കുന്നതും വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള റെക്കോർഡിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഇത്തരത്തിൽ സുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാമെന്നും ഡി.ജി.സി.എ വ്യക്തമാക്കി.