ന്യൂഡൽഹി: ചൈനയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ 'ശക്തവും നിരന്തരവുമായ' പ്രതിരോധത്തിൽ രാജ്യത്തെ അഭിനന്ദിച്ച് ഇന്ത്യയിലെ വിദേശ നയതന്ത്രജ്ഞർ. ദേശീയ മാദ്ധ്യമമായ 'ദ സൺഡേ ഗാർഡിയനോ'ടുള്ള പ്രതികരണത്തിലാണ് നയതന്ത്രജ്ഞർ ചൈനയ്‌ക്കെതിരെയുള്ള ഇന്ത്യൻ പ്രതിരോധത്തെ പ്രശംസിക്കുകയും അതിൽ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തത്. വടക്ക് കിഴക്കൻ അതിർത്തിയിലെ ചൈനീസ് പ്രകോപനങ്ങളെ ശക്തമായി നേരിട്ടത്, ലോകരാജ്യങ്ങൾക്കിടയിൽ 'കരുത്തുറ്റ രാജ്യം' എന്ന ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിപ്പിച്ചുവെന്നും ഇവർ അഭിപ്രായപ്പെട്ടു.
തങ്ങളുടെ വ്യക്തിവിവരങ്ങൾ പുറത്തുവിടരുതെന്ന നിബന്ധനയോടെയാണ് ഇവർ മാദ്ധ്യമവുമായി സംസാരിച്ചത്. മുൻപ് ഇന്ത്യൻ അധീനതയിൽ അല്ലാതിരുന്ന തന്ത്രപ്രധാനമായ പ്രദേശങ്ങൾ കൂടി പിടിച്ചടക്കിയതിലൂടെ, ഇന്ത്യൻ യുദ്ധതന്ത്രജ്ഞർ ചൈനയ്‌ക്കെതിരെ പോരാടാനുള്ള തങ്ങളുടെ സൈനികശേഷിയും നയകുശലതയുമാണ് പരസ്യമാക്കിയിരിക്കുന്നതെന്നും നയതന്ത്രജ്ഞർ പറയുന്നു.
'ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകോപനങ്ങളെ അതിനൊത്ത രീതിയിൽ നേരിടാനുള്ള ഇന്ത്യയുടെ വൈദഗ്ദ്യത്തെ ഞങ്ങൾ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അതിർത്തിയിലെ സാഹചര്യങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ, ജൂൺ അവസാനത്തോടെ ഇന്ത്യ അതിർത്തിയിലെ പ്രതിരോധ ശ്രമങ്ങളിൽ നിന്നും പിന്നോട്ട് പോകുമെന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടൽ.'- ഏഷ്യ പെസിഫിക് പ്രദേശത്ത് നിന്നുമുള്ള ഒരു രാജ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥൻ പറയുന്നു.
'ഞങ്ങളുടെ ഇന്റലിൻജൻസ് ഏജൻസികൾ അത്തരത്തിലുള്ള വിവരങ്ങളായിരുന്നു നൽകിയിരുന്നത്. എന്നാൽ പിന്നീട് സംഭവിച്ച കാര്യങ്ങൾ ഞങ്ങളുടെ അനുമാനങ്ങൾക്ക് തീർത്തും വിപരീതമായിരുന്നു. ഏഷ്യ തന്നെ തങ്ങളുടെ അധീനതയിലാക്കാനുള്ള ചൈനീസ് ശ്രമങ്ങൾക്കാണ് ഇന്ത്യ തടയിട്ടതെന്നാണ് ഞങ്ങൾ കരുതുന്നത്.' -അദ്ദേഹം പറയുന്നു. ഒരു യൂറോപ്യൻ രാജ്യത്തുനിന്നുമുള്ള ഡിഫൻസ് അറ്റാഷെയും സമാനമായ രീതിയിലാണ് പ്രതികരിച്ചത്.
ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതിലൂടെ ചൈനയുടെ അഭിമാനത്തിനാണ് ഇന്ത്യ ക്ഷതമേൽപ്പിച്ചതെന്നും ഭാവിയിൽ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കാൻ ലോകത്തിലെ മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യയുടെ ഈ നടപടി പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആപ്പുകൾ ബാൻ ചെയ്തത് ചൈനയുടെ സാമ്പത്തിക ഘടനയെ കാര്യമായി ബാധിക്കാൻ സാദ്ധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇതുവരെ ചൈനീസ് പ്രകോപനങ്ങളെ സഹിഷ്ണുതയോടെയാണ് ഇന്ത്യ നേരിട്ടതെങ്കിൽ ഇപ്പോൾ മുഴക്കമുള്ള ശബ്ദത്തിലുള്ള, വ്യക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് രാജ്യം ചൈനയെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ ഇന്ത്യ പ്രതികരിക്കുമെന്ന് ചൈന കരുതിയിരുന്നില്ലെന്ന വിവരമാണ് തങ്ങളുടെ വിവിധ നയതന്ത്ര സ്രോതസുകൾ വഴി അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ടിബറ്റൻ വംശജരായ സൈനികർക്കുള്ള ഇന്ത്യയുടെ 'സ്പെഷ്യൽ ഫ്രോൺടിയർ ഫോഴ്സിനെ' ഇന്ത്യ അതിർത്തിയിൽ നിയോഗിച്ചതിനെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയുടെ ഈ നടപടി ആശ്ചര്യജനകമാണെന്നും ചൈനയ്ക്കും ലോകത്തിനും അത് വ്യക്തമായ സന്ദേശമാണ് നൽകുന്നതെന്നുകൂടി യൂറോപ്യൻ രാജ്യത്തെ ഡിഫൻസ് അറ്റാഷെ പറഞ്ഞു.