jagathrakshakan

ചെന്നൈ: വിദേശനാണ്യ കൈമാറ്റ നിയമം (ഫെമ) ലംഘിച്ച കേസിൽ ഡി.എം.കെ. എം.പിയും മുൻ കേന്ദ്ര സഹമന്ത്രിയുമായ എസ്. ജഗദ്‌ രക്ഷകന്റെയും കുടുംബാംഗങ്ങളുടെയും 89.1 കോടി രൂപയുടെ സ്വത്തുകൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)കണ്ടുകെട്ടി. റിസർവ് ബാങ്കിന്റെ അനുമതി നേടാതെ സിങ്കപ്പൂരിലുള്ള കമ്പനിയിൽ നിക്ഷേപം നടത്തുന്നതിന് വിദേശനാണ്യ കൈമാറ്റം നടത്തിയെന്നാണ് കേസ്. ജഗദ്‌ ര‌ക്ഷകനും മകൻ സുദീപ് ആനന്ദുമാണ് സിൽവർ പാർക്ക് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സിങ്കപ്പൂർ കമ്പനിയിൽ നിക്ഷേപം നടത്തിയത്.

ഫെമ വ്യവസ്ഥകൾ ലംഘിച്ച് വിദേശത്തേക്ക് പണമിടപാട് നടത്തിയാൽ പ്രതികളുടെ, രാജ്യത്തുള്ള തുല്യമായ തുകയ്ക്കുള്ള സ്വത്തുകൾ കണ്ടുകെട്ടാൻ ഇ.ഡി.ക്ക് അധികാരമുണ്ട്. ഇതുപ്രകാരമാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. കൃഷി സ്ഥലം, വീട് നിർമാണത്തിനുള്ള സ്ഥലങ്ങൾ, ബാങ്ക് നിക്ഷേപം തുടങ്ങിയ ആസ്തികളാണ് കണ്ടുകെട്ടിയിരിക്കുന്നത്. ബിസിനസുകാരൻ കൂടിയായ ജഗദ്‌ ര‌ക്ഷകൻ നിലവിൽ ആർക്കോണം മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാംഗമാണ്. 2009-2013 കാലഘട്ടത്തിൽ യു.പി.എ സർക്കാരിൽ സഹമന്ത്രിയായിരുന്നു.