jaleel

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രതിഷേധപ്രകടനത്തിനിടെ സംഘർഷം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ച ഇരു സംഘടനകളിലെയും പ്രവർത്തരും പൊലീസുമായി ഉന്തും തള്ളുമുണ്ടാവുകയും തുടർന്ന് പൊലീസ് ഇവർക്കെതിരെ ലാത്തി വീശുകയും ചെയ്തു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി കെടി ജലീൽ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം.

സംഘടനാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ഇതിനിടെ കൊച്ചിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ (ഇ.ഡി) ചോദ്യം ചെയ്യൽ നേരിട്ട മന്ത്രി കെ.ടി ജലീൽ തലസ്ഥാന ജില്ലയിലേക്ക് മടങ്ങിയെത്തി. തിരുവനന്തപുരത്തെത്തിയ അദ്ദേഹം തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങിയെന്നാണ് വിവരം. ഇന്ന് രാത്രി ഒൻപതരയോടെയാണ് മന്ത്രി തലസ്ഥാനത്തെത്തിയത്.

മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മന്ത്രിക്ക് വഴിയിലുടനീളം കനത്ത പ്രതിഷേധം നേരിടേണ്ടതായി വന്നു. യൂത്ത് കോൺഗ്രസിന്റെയും യുവമോർച്ചയുടെയും പ്രവർത്തകർ നിരവധി സ്ഥലങ്ങളിൽ മന്ത്രിക്ക് നേരെ കരിങ്കൊടി വീശി. ആലപ്പുഴയിൽ വച്ച് രണ്ട് തവണ മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാർചീമുട്ടയെറിഞ്ഞു. കൊല്ലത്ത് പാരിപ്പള്ളിയിൽ മന്ത്രിയുടെ വാഹനത്തിന് കുറുകെ പ്രതിഷേധക്കാർ മറ്റൊരു വാഹനം ഇട്ട് തടഞ്ഞു.