ep-jayarajan

കോഴിക്കോട്: മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര കൊവിഡ് ചട്ടം ലംഘിച്ച് കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി ലോക്കർ ഇടപാട് നടത്തിയത് കേന്ദ്ര അന്വേഷണ ഏജൻസി പരിശോധിക്കുന്നു. കൊവിഡ് പരിശോധനയ്ക്കായി സാമ്പിൾ നൽകിയ ശേഷമാണ് മന്ത്രിയുടെ ഭാര്യ ബാങ്കിലെത്തിയത്.

മന്ത്രിയുടെ മകൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രങ്ങൾ സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ദിര ബാങ്കിലെത്തി ലോക്കർ തുറന്നത്. ഇതേ ശാഖയിൽ സീനിയർ മാനേജരായി വിരമിച്ചതാണ് ഇന്ദിര.

ബാങ്കിൽ നിന്നു തിരിച്ചെത്തിയ ശേഷം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ഇന്ദിരയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ബാങ്കിലെ മൂന്ന് പേർ ക്വാറന്റീനിൽ പോകേണ്ടിവരികയും ചെയ്തു. സംഭവത്തിൽ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എല്‍ എ ആവശ്യപ്പെട്ടു.