ന്യൂഡൽഹി: രാജ്യത്തെ പ്രധാന ഭരണഘടനാപദവികളിലുള്ളവരെ ചെെന നിരീക്ഷിക്കുന്നു. ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള സ്ഥാപനം ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, സംസ്ഥാന മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രസിഡന്‌റ് സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, സുപ്രീം കോടതി ജഡ്ജി എ എം ഖാന്‍വില്‍ക്കര്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, കര-വ്യോമ-നാവിക സേനകളുടെ മേധാവികള്‍, ലോക്പാല്‍ ജസ്റ്റിസ് പി സി ഘോഷ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ ചൈനയുടെ നിരീക്ഷണത്തിലാണെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ചാണ് നിരീക്ഷണം. ചൈനീസ് സേനയുമായും സുരക്ഷാ ഏജന്‍സികള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയുമായും അടുത്ത് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഷെങ്ഹ്വ.
ശശിതരൂര്‍ ഉള്‍പ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍ സര്‍വീസിലുള്ളതും വിരമിച്ചതുമായ സൈനികോദ്യോഗസ്ഥര്‍ എന്നിവരെയും നിരീക്ഷിക്കുന്നുണ്ട്.