തിരുവനന്തപുരം: യു.എ.ഇ സർക്കാരിന് കീഴിലുള്ള സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിന്റെ ആഭിമുഖ്യത്തിൽ തൃശൂർ വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതി നടപ്പാക്കിയതിൽ കമ്മിഷനായി ലഭിച്ചെന്ന് കരുതുന്ന 4.25 കോടിയിൽ നിന്ന് പങ്കുപറ്റിയെന്ന ആരോപണത്തിൽ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ മകനെ എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ലൈഫ് മിഷൻ ഇടപാടിൽ നിന്ന് ഒരുകോടി രൂപ മന്ത്രിപുത്രന് കമ്മിഷനായി ലഭിച്ചെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതുകൂടാതെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും മന്ത്രിപുത്രനും ഒരുമിച്ചുള്ള ചിത്രങ്ങളും അന്വേഷണ ഏജൻസി ശേഖരിക്കുന്നുണ്ട്.
റെഡ് ക്രസന്റും പദ്ധതി നടത്തിപ്പുകാരായ യൂണിടാക്കും തമ്മിലുള്ള ഇടപാടിൽ മന്ത്രിപുത്രൻ ഇടനിലാക്കാരനായിരുന്നോ എന്ന കാര്യമാണ് ഇ.ഡി അന്വേഷിക്കുന്നത്. സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷും മന്ത്രിപുത്രനും തലസ്ഥാനത്തെ ഒരു വിരുന്നിനിടെ ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെ ഇവരുടെ സൗഹൃദം സംബന്ധിച്ചും അന്വേഷണ ഏജൻസികൾ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. മന്ത്രിപുത്രന്റെ യു.എ.ഇയിലെ വിസ കുരുക്ക് പരിഹരിക്കുന്നതിന് 2018ൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്‌നയാണ് ഇടപെട്ടത്. ഇതിന് പ്രത്യുപകാരമായി തലസ്ഥാനത്തെ ഒരു ഹോട്ടലിൽ വച്ച് മന്ത്രിപുത്രൻ സ്വപ്‌നയ്ക്ക് വിരുന്നൊരുക്കിയത്രേ. ഈ വിരുന്നിനിടെ ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തായത്.
യു.വി.ജോസിനെയും ചോദ്യം ചെയ്യും
ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സി.ഇ.ഒ യു.വി.ജോസിനെയും ഇ.ഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി ജോസിന് നോട്ടീസ് നൽകിയിട്ടുണ്ട്. റെഡ് ക്രസന്റുമായി ലൈഫ് പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടത് ജോസാണ്. 2019 ജൂലായ് 11ന് ആയിരുന്നു ഇത്. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും എം.ശിവശങ്കറും കോൺസുലേറ്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന് ഒരുകോടി രൂപ കമ്മിഷൻ നൽകിയതായി പദ്ധതിയുടെ കരാറെടുത്ത യൂണിടാക് കമ്പനി ഉടമ എൻ.ഐ.എയോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കരാർ സംബന്ധിച്ച വിശദാംശങ്ങൾ, ഇടനിലക്കാർ ആരൊക്കെ, കരാർ തുക തുടങ്ങിയവ സംബന്ധിച്ചുള്ള അന്വേഷണമാണ് എൻഫോഴ്സ‌്മെന്റ് നടത്തുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണോ കരാറിൽ ഏർപ്പെട്ടതെന്ന ബലമായ സംശയം ഇ.ഡിക്കുണ്ട്. ഇതേതുടർന്ന് ഇ.ഡി ലൈഫ് മിഷന്റെ രേഖകൾ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടൊപ്പം വിദേശസഹായം സ്വീകരിക്കുമെന്നതിന് മുമ്പ് കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്ന നിബന്ധന പാലിക്കപ്പെട്ടോയെന്നും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
അതിനിടെ ലൈഫ് മിഷന് കീഴിൽ വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റ് പദ്ധതി അടക്കം 100 കോടിയുടെ പദ്ധതികളിൽ കൂടി പങ്കാളികളാക്കാമെന്ന് സ്വപ്‌ന സുരേഷ് യൂണിടാക് അടക്കമുള്ള സ്വകാര്യ സംരംഭകർക്ക് വാഗ്ദാനം നൽകിയതായുള്ള വിവരങ്ങളും പുറത്തുവുന്നു. ഇതിൽ 15 ശതമാനം കമ്മിഷനാണ് സ്വപ്‌ന ആവശ്യപ്പെട്ടത്. വടക്കാഞ്ചേരി പദ്ധതി പൂർത്തിയാകുമ്പോൾ ഇടുക്കി മൂന്നാറിലും കൊല്ലം കുളത്തൂപ്പുഴയിലും റെഡ് ക്രസന്റിന്റെ സഹകരണത്തോടെ സമാന പദ്ധതികൾ നടപ്പാക്കുമെന്നും സ്വപ്‌ന കമ്പനികൾക്ക് ഉറപ്പ് നൽകിയിരുന്നു.