ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒമ്പത് മണിയ്ക്ക് ആരംഭിച്ച ലോക്‌സഭ നടപടി ക്രമങ്ങൾ ഉച്ചയ്‌ക്ക് ഒരു മണി വരെ നീളും. വൈകുന്നേരം മൂന്നിനാണ് രാജ്യസഭ ആരംഭിക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സമ്മേളനം നടക്കുന്നത്. അകലം പാലിച്ചും മാസ്ക് ധരിച്ചുമാണ് അംഗങ്ങൾ ഇരിപ്പിടത്തിൽ ഇരിക്കുന്നത്. അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സഭയുടെ ആദരം അർപ്പിച്ചുകൊണ്ടായിരുന്നു നടപടികൾ തുടങ്ങിയത്. അന്തരിച്ച അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് സഭ ഒരു മണിക്കൂർ നിർത്തിവച്ചു.
രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉച്ചകഴിഞ്ഞ് തിരഞ്ഞെടുപ്പ് നടക്കും. ജെ.ഡി.യു എം.പി ഹരിവംശ് നാരായൺ സിംഗാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ആർ.ജെ.ഡി നേതാവ് മനോജ് ഝായാണ് പ്രതിപക്ഷത്തിനായി മത്സരിക്കുന്നത്. ടി.ആർ.എസ്, വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി, അണ്ണാ ഡി.എം.കെ എന്നീ കക്ഷികളുടെ പിന്തുണയോടെ ഹരിവംശിനെ വിജയിപ്പിക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് വേണമെന്ന കോൺഗ്രസിന്റെ ആവശ്യത്തോട് സർക്കാർ പ്രതികരിച്ചിട്ടില്ല. വർഷകാല സമ്മേളനത്തിൽ 33 ബില്ലുകൾ പരിഗണനയ്ക്ക് വരും.
11 ഓർഡിനൻസുകൾ നിയമമാക്കാനാണ് സർക്കാർ നീക്കം. കൊവിഡ് പ്രതിസന്ധിയും ചൈനയുടെ പ്രകോപനവും വോട്ടെടുപ്പില്ലാത്ത ഹ്രസ്വ ചർച്ചയാക്കും. ഒക്ടോബർ 1വരെയാണ് സമ്മേളനം. ശനിയും ഞായറും അവധിയില്ല. ചോദ്യോത്തരവേളയില്ല. ശൂന്യവേളയുടെ സമയം വെട്ടിക്കുറച്ചു. ഹാജർ രേഖപ്പെടുത്താൻ മൊബൈൽ ആപ്പാണുളളത്. എം.പിമാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇന്നലെ നടത്തിയ പരിശോധനയിൽ 5 എം.പിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുതിർന്ന നേതാക്കളിൽ പലരും എല്ലാ ദിവസവും സഭയിലെത്താനിടയില്ല.
സ്വർണക്കടത്ത് കേസിന്റെ വിശദാംശങ്ങൾ ധനമന്ത്രാലയത്തോട് യു.ഡി.എഫ് എം.പിമാർ രേഖാമൂലം ചോദിച്ചിട്ടുണ്ട്. ഡൽഹി കലാപക്കേസിലെ അനുബന്ധ കുറ്റപത്രത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പേര് ഉൾപ്പെടുത്തിയത് ഇടത് എം.പിമാർ ഉന്നയിക്കും.