trump

വാഷിംഗ്ടൺ: കൂടുതൽ കൊവിഡ് പരിശോധന നടത്തിയതിന് ഇന്ത്യൻ പ്രധാനമന്ത്രി തന്നെ പ്രശംസിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയേക്കാളും മറ്റ് രാജ്യങ്ങളേക്കാളും കൂടുതൽ കൊവിഡ് ടെസ്റ്റുകൾ നടത്തിയതായി ട്രംപ് അവകാശപ്പെടുന്നു.

"കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. ഇന്ത്യയേക്കാൾ 44 ദശലക്ഷം ടെസ്റ്റുകൾ യു എസ് കൂടുതൽ നടത്തി. ഇന്ത്യയിൽ 150 കോടി ജനങ്ങളുണ്ട്. പ്രധാനമന്ത്രി മോദി എന്നെ വിളിച്ചിരുന്നു. നിങ്ങൾ എത്ര വലിയ ജോലിയാണ് ചെയ്തതെന്നു ചോദിച്ചു"- നവാദയിലെ റെനോയിൽ തിരഞ്ഞെടുപ്പ് റാലിയിൽ ട്രംപ് പറഞ്ഞു.

തിരഞ്ഞെടുപ്പിലെ തന്‍റെ എതിരാളി ജോ ബൈഡനെ ട്രംപ് നിശിതമായി വിമർശിച്ചു. കൊവിഡ് യു എസിലെത്തിയ സമയത്ത് ബൈഡനായിരുന്നു പ്രസിഡന്‍റെങ്കിൽ പതിനായിരക്കണക്കിന് ആളുകൾ മരിച്ചുവീഴുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഡെമൊക്രറ്റുകളുടെ മുൻ സർക്കാർ നേരത്തേ സാമ്പത്തിക മാന്ദ്യം കൈകാര്യം ചെയ്തത് ദയനീയമായാണെന്നും പ്രസിഡന്‍റ് ആരോപിച്ചു.

കഴിഞ്ഞ നാലു വർഷം കൊണ്ട് യു എസിൽ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിലും അതിർത്തി സുരക്ഷിതമാക്കുന്നതിലും ചൈനക്കെതിരേ പൊരുതുന്നതിലും താൻ വിജയിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്ക നിന്നതുപോലെ കരുത്തോടെ ചൈനയ്ക്കു മുന്നിൽ മറ്റൊരു രാജ്യവും നിന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബൈഡൻ ജയിച്ചാൽ ഇടതു തീവ്രവാദികളായിരിക്കും ഭരണം നിയന്ത്രിക്കുകയെന്നും ട്രംപ് പറഞ്ഞു.