തിരുവനന്തപുരം: മലപ്പുറത്ത് നിന്ന് വൻ പൊലീസ് സന്നാഹത്തോടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയ മന്ത്രി കെ.ടി ജലീൽ മൗനം തുടരുന്നു. മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് മന്ത്രി. മന്ത്രിയുടെ ഔദ്യോഗിക ഫോൺ നമ്പറും പേഴ്‌സണൽ നമ്പറും സ്വിച്ച് ഓഫ് ചെയ്‌തിരിക്കുകയാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളൊന്നും പ്രതികരിക്കാൻ തയ്യാറല്ല. മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും സെക്രട്ടറിയേറ്റിലേക്കും ഇന്നും മാർച്ചുണ്ടാകുമെന്നാണ് വിവരം. കൂടുതൽ വനിത പൊലീസുകാരെ ഉൾപ്പടെ എത്തിച്ച് വലിയ സുരക്ഷ വലയമാണ് സെക്രട്ടറിയേറ്റിന് മുന്നിൽ തീർത്തിരിക്കുന്നത്.
അതേസമയം ജലീൽ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കുമെന്നും സൂചനയുണ്ട്. തന്റെ നിരപരാധിത്വം അദ്ദേഹം മുഖ്യമന്ത്രിക്ക് മുന്നിൽ വിശദീകരിക്കും. പാർട്ടി-സർക്കാർ നിലപാടുകൾ മുഖ്യമന്ത്രി അദ്ദേഹത്തെ അറിയിക്കുകയും ചെയ്യും. ജലീൽ വ്യവസായിയുടെ വാഹനത്തിൽ ചോദ്യം ചെയ്യലിന് ഹാജരായത് വിവാദമായതിൽ മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.ഐക്ക് കടുത്ത അമർഷമാണുളളത് . തുറന്ന് പറഞ്ഞുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് പോകുന്നതായിരൂന്നു ഉചിതമെന്ന നിലപാടാണ് സി.പി.ഐ നേതൃത്വത്തിനുള്ളത്.
സ്വകാര്യവാഹനത്തിൽ പോകണമെങ്കിൽ സ്വന്തം വാഹനം ഉപയോഗിക്കണമായിരുന്നു. വ്യവസായിയുടെ വീട്ടിൽ ഔദ്യോഗിക വാഹനമിട്ടതും അവരുടെ വാഹനം ഉപയോഗിച്ചതുമാണ് സി.പി.ഐ നേതൃത്വത്തിൽ അമർഷമുണ്ടാക്കിയിരിക്കുന്നത്. ചോദ്യം ചെയ്യപ്പെട്ടതിനേക്കാൾ സർക്കാരിന് നാണക്കേടായത് മന്ത്രിയുടെ സമീപനമാണെന്നതാണ് സി.പി.ഐ വിലയിരുത്തൽ.
വിഷയം തത്ക്കാലം ഇടതുമുന്നണി യോഗത്തിൽ വിശദീകരിക്കേണ്ട എന്നാണ് സി.പി.ഐ നിലപാട്. സി.പി.എം എൽ.ഡി.എഫ് യോഗത്തിൽ സാഹചര്യം വിശദീകരിക്കും എന്നാണ് സി.പി.ഐ കരുതുന്നത്. ചട്ടങ്ങൾ ലംഘിച്ച് കെ.ടി ജലീൽ മതഗ്രന്ഥവും ഉപഹാരവും യു.എ.യിൽ നിന്ന് സ്വീകരിച്ചതിൽ നേരത്തെ തന്നെ സി.പി.ഐ പാർട്ടിപത്രത്തിലൂടെ വിയോജിപ്പ് പരസ്യമാക്കിയിരുന്നു