അഗർത്തല: ത്രിപുരയിലെ ബി ജെ പി മുഖ്യമന്ത്രി ബിപ്ളവ് കുമാർ ദേബിനെ വിമർശിച്ച മാദ്ധ്യമപ്രവർത്തകനെ അജ്ഞാതരായ അക്രമികൾ വീടുകയറി തല്ലിച്ചതച്ചു. ത്രിപുരയിലെ ബംഗാളി ദിനപത്രത്തിലെ റിപ്പോർട്ടറായ പരാശർ വിശ്വാസിനാണ് ക്രൂരമായി മർദ്ദനമേറ്റത്. കൊവിഡ് ഭേദമായശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഇദ്ദേഹം. കൊവിഡ് നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി പരാജയമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് അക്രമത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ പരാശറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊവിഡ് കെയർ സെന്ററിൽ ചികിത്സയിലിരിക്കെ നിർമ്മിച്ച വീഡിയോ ആണ് പരാശർ പോസ്റ്റുചെയ്തത്. മുഖ്യമന്ത്രിയെ രൂക്ഷമായി തെളിവുസഹിതം വിമർശിക്കുന്ന വീഡിയോ പുറത്തുവന്നതോടെ പരാശറിന് പലകോണുകളിൽ നിന്നും ഭീഷണി ഉയർന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ മാന്യമല്ലാത്ത പദങ്ങൾ പ്രയാേഗിച്ചു എന്നായിരുന്നു കൂടുതൽ പേരുടെയും ആക്ഷേപം.
എന്നാൽ ബി ജെ പിക്ക് അക്രമത്തിൽ പങ്കില്ലെന്നാണ് പാർട്ടിവൃത്തങ്ങൾ വ്യക്തമാക്കുന്നത്. 'മാദ്ധ്യമപ്രവർത്തകർക്കെതിരായ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. പാർട്ടി അംഗങ്ങളാരും ഇതിൽ ഉൾപ്പെട്ടിട്ടില്ല. ഏതെങ്കിലും പാർട്ടി അംഗം സംഭവത്തിന് പിന്നിലുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കും' എന്നാണ് ത്രിപുരയിലെ ബി ജെ പി വക്താവ് പറയുന്നത്.
എന്നാൽ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും അറിവോടെയാണ് അക്രമം എന്ന വിമർശനവും ഉയരുന്നുണ്ട്. നേരത്തേ കൊവിഡ് പ്രതിരോധത്തിൽ ഒരുവിഭാഗം മാദ്ധ്യമങ്ങൾ സംസ്ഥാന സർക്കാരിനെതിരെ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്നും ഇതിൽ നിന്ന് മാദ്ധ്യമങ്ങൾ പിന്മാറണമെന്നും മുഖ്യമന്ത്രി ബിപ്ളവ് കുമാർ ദേബ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയാണ് അക്രമം എന്നാണ് വിമർശനം.