swapna-suresh

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും മന്ത്രി പുത്രനുമായുളള ബന്ധം വിവിധ അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ നടത്തിയ വിരുന്നിനിടെ മന്ത്രി പുത്രനും സ്വപ്‌ന സുരേഷും ഒരുമിച്ചുള്ള ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ കൂടുതൽ വിവരങ്ങളാണ് അന്വേഷണ ഏജൻസികൾ തിരയുന്നത്.

മന്ത്രി പുത്രനെ വരും ദിവസങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തേക്കും. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് മന്ത്രിയുടെ മകന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് നൽകിയ നാല് കോടിയിലധികം രൂപ കമ്മീഷനിൽ നിന്നും ഒരു പങ്ക് മന്ത്രിയുടെ മകനും ലഭിച്ചുവെന്നാണ് എൻഫോഴ്‌സ്‌മെന്റിന് ലഭിച്ചിരിക്കുന്ന വിവരം.

സ്വപ്‌നയ്ക്ക് കമ്മീഷൻ നൽകിയ കമ്പനികളുടെ പ്രതിനിധികളേയും ചോദ്യം ചെയ്യുമെന്നാണ് സൂചന. തിരുവനന്തപുരത്ത് സ്വ‌പ്‌നയ്ക്കായി മന്ത്രി പുത്രൻ നടത്തിയ വിരുന്നിന് ശേഷമാണ് മന്ത്രിപുത്രൻ ലൈഫ് മിഷനിലെ ഇടനിലക്കാരനായത് എന്നും എൻഫോഴ്‌സ്‌മെന്റ് വൃത്തങ്ങൾ പറയുന്നു. അതേസമയം മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര കൊവിഡ് ചട്ടം ലംഘിച്ച് കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്നുവെന്ന ആരോപണം രാഷ്ട്രീയ വിവാദമാവുകയാണ്. കൊവിഡ് പരിശോധനയ്ക്കായി സാമ്പിൾ നൽകിയ ശേഷമാണ് മന്ത്രിയുടെ ഭാര്യ ബാങ്കിലെത്തിയത്. ഇവർക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ബാങ്കിലെ മൂന്നു ജീവനക്കാർ ക്വാറന്റീനിൽ പോയി. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം.