ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾക്ക് ശമനമില്ല. ആകെ കൊവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിനും ആകെ കൊവിഡ് മരണം 80,000 അടുക്കുകയാണ്. 24 മണിക്കൂറിനിടെ 92,071 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1136 പേർ മരണപ്പെട്ടു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 48,46,427 ആയി. ആകെ കൊവിഡ് മരണം 79,722 ആയി. 37,80,107 പേർക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് ഇതോടെ 77.99 ശതമാനമായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഏറ്റവുമധികം രോഗികളുളള സംസ്ഥാനമായി മഹാരാഷ്‌ട്ര തുടരുകയാണ്. 416 മരണമാണ് ഇന്നലെ ഇവിടെയുണ്ടായത്. ഇതോടെ ആകെ 29,531 മരണമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. തമിഴ്നാട്ടിലും ഇന്നലെ 74 പേർ മരണമടഞ്ഞു. ഇതോടെ 8381 പേർ ഇവിടെ മരണമടഞ്ഞു. കർണാടകയിൽ 24 മണിക്കൂറിനിടെ 104 പേരാണ് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 7265 ആയി. ഇന്ത്യയിലെ ആകെ കൊവിഡ് മരണങ്ങളും മുഖ്യമായും 10 സംസ്ഥാനങ്ങളിൽ നിന്നാണ്. ഇവിടെ രോഗ പ്രതിരോധത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നും മുതിർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ വർദ്ധിക്കുന്ന ജില്ലകളിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൊവിഡ് പരിശോധന, സമ്പർക്കം കണ്ടെത്തൽ, പരിശോധന, ഹോം ഐസൊലേഷൻ, കണ്ടെയിൻമെന്റ്, ആംബുലൻസ്, ആശുപത്രി കിടക്കകൾ, ഓക്‌സിജൻ, ചികിത്സാ പ്രോട്ടോകോൾ എന്നിവയിൽ ശ്രദ്ധ വേണ്ടത്ര നൽകാനും നിർദ്ദേശമുണ്ട്. പലവിധ മാർഗങ്ങൾ കേന്ദ്രവും സംസ്ഥാനങ്ങളും സ്വീകരിച്ചിട്ടും പ്രതിദിന രോഗ നിരക്ക് ഒരു ലക്ഷത്തിന് അടുത്ത് എത്തി നിൽക്കുന്നതാണ് ഇതിന് കാരണം.
മഹാരാഷ്‌ട്രയിൽ 22,543 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 10,60,308 ആയി. ആന്ധ്രയിൽ 5,67,123 പേർക്കും കർണാടകയിൽ 4,59,445 പേർക്കും ആകെ രോഗം സ്ഥിരീകരിച്ചു.