ആപ്പുകൾ നിരോധിച്ചും സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയും മറ്റുമുള്ള സമ്മർദ്ദതന്ത്രങ്ങളിൽ ചൈന വഴങ്ങുന്നില്ലെന്നുവേണം മനസിലാക്കാൻ. അതേസമയം ഇന്ത്യയ്ക്കുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ അവർക്ക് കഴിയുന്നുമുണ്ട്. മേഖലയിലെ ചൈനീസ് സൈനികരുടെ സാന്നിദ്ധ്യം ഇന്ത്യയ്ക്ക് തലവേദനയാണ്. ഇത് പാകിസ്ഥാനെ സന്തോഷിപ്പിക്കാനുള്ള ശ്രമമായും കാണാം. അന്താരാഷ്ട്ര തലത്തിലും മറ്റും പാകിസ്ഥാനെ ഇത്രയും തുറന്ന് പിന്തുണയ്ക്കുന്ന മറ്റൊരു രാജ്യവുമില്ല.
എന്നാൽ ഒരു യുദ്ധത്തിലേക്കൊന്നും ഇപ്പോഴത്തെ നടപടികൾ നീളുമെന്ന് കരുതാനാകില്ല. അതുപോലെ അവർ ഇപ്പോഴുള്ള മേഖലകളിൽ നിന്ന് തിരിച്ചു പോകുമെന്നും പ്രതീക്ഷിക്കേണ്ട. സംഘർഷം വർദ്ധിപ്പിക്കുന്ന തരത്തിൽ കൂടുതൽ സേനയെ വിന്യസിച്ച് നമുക്ക് തലവേദനയുണ്ടാക്കും. അതായത് അതിർത്തി എല്ലായ്പ്പോഴും സംഘർഷഭരിതമായിരിക്കും.
പാകിസ്ഥാൻ അതിർത്തിയിൽ വർഷം മുഴുവൻ ഇരുപക്ഷത്തും സൈനികർ കണ്ണോടു കണ്ണ് നോക്കിയിരിക്കുന്ന അതേ അവസ്ഥയാകും ചൈനാ അതിർത്തിയിലും. 'പാകിസ്ഥാൻ വെടി നിറുത്തൽ കരാർ ലംഘിച്ചു", 'ഇന്ത്യ തിരിച്ചടിച്ചു" തുടങ്ങി പാക് അതിർത്തിയിൽ നിന്ന് കേൾക്കുന്ന വാർത്തകൾ ഇനി ചൈന അതിർത്തിൽ നിന്നുമുയർന്നേക്കാം.
അതിർത്തിയിൽ ആയുധം ഉപയോഗിക്കരുതെന്ന ധാരണകൾ പോലും ലംഘിക്കപ്പെട്ടേക്കാമെന്ന സൂചനയാണ് മുന്നറിയിപ്പിന്റെ സ്വരത്തിലായാലും പാംഗോംഗ് തടാകത്തിന് തെക്ക് കഴിഞ്ഞ ദിവസം നടന്നത്. സൈനിക തല ചർച്ചകളിലുണ്ടാകുന്ന ധാരണകൾ നടപ്പാകാത്ത സാഹചര്യം ഇപ്പോഴുണ്ട്.
അതിർത്തി സംരക്ഷിക്കാൻ ഇരു പക്ഷവും ശ്രദ്ധിക്കും. ഒരു തരത്തിൽ ഇന്ത്യൻ സൈനികരുടെ മനോബലം കൂട്ടുന്ന നടപടിയാണിത്. ചൈനയ്ക്കെതിരെ അതിർത്തി സംരക്ഷണമൊഴിച്ച്, യുദ്ധാന്തരീക്ഷത്തിലുള്ള സൈനിക നടപടികൾക്കൊന്നും ഇതുവരെ മുതിർന്നിട്ടില്ല.
ഇന്ത്യൻ സൈനികർ ഉയരങ്ങളിൽ ആധിപത്യം സ്ഥാപിച്ചത് ആത്മവീര്യം വർദ്ധിച്ചതിന്റെ സൂചനയാണ്. ചൈന അപ്രതീക്ഷിതമായി നടത്തുന്ന നീക്കങ്ങൾ കാണാതെ പോകുന്നതായിരുന്നു ഇതുവരെ നടന്നത്. അതു മാറി. ജമ്മുകാശ്മീർ പോലെ അരുണാചൽ പ്രദേശ് അതിർത്തിയിലും സ്ഥിരമായി പ്രശ്നങ്ങളുണ്ടായേക്കാം. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നത് ചൈന അംഗീകരിക്കുന്നില്ല. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് കാരണം. അരുണാചൽ സ്വദേശികൾക്ക് അവർ പാസ്പോർട്ടില്ലാതെ പ്രവേശനം അനുവദിക്കുന്നു. അരുണാചൽ അതിർത്തിയിലെ മാർക്കറ്റുകളിൽ ചൈനീസ് പട്ടാളം സ്ഥിരമായി വന്നുപോകാറുണ്ടായിരുന്നു. ഇപ്പോഴാണ് അതിനു നിയന്ത്രണം വന്നത്. നമ്മുടെ അയഞ്ഞ നിലപാടുകൾ ചൈന നന്നായി മുതലെടുത്തിട്ടുണ്ട്.
അന്താരാഷ്ട്രതലത്തിൽ ലഭിക്കുന്ന പിന്തുണയും ചൈനയ്ക്കുമേൽ മാനസികമായ ആധിപത്യം നേടാൻ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. ആയുധങ്ങളിലും സാങ്കേതിക വിദ്യയിലും നാം നേടിയ പുരോഗതിയും അവർക്ക് അവഗണിക്കാനാകില്ല.
ഹിമാലയൻ മേഖലയിൽ ഇന്ത്യയ്ക്ക് സ്വാഭാവികമായ മുൻതൂക്കമുണ്ട്. ചൈനയുടെ ഭാഗത്തെക്കാൾ ഉയരത്തിലാണ് ഇന്ത്യൻ മേഖല. പാംഗോഗ് തടാകത്തിന് ചുഷുൽ, റെസംഗ്ള മേഖലയിൽ നിന്ന് ചൈനീസ് നീക്കങ്ങൾ ഇന്ത്യയ്ക്ക് വീക്ഷിക്കാൻ കഴിയുന്നുണ്ട്. ചുഷുലിൽ ഇന്ത്യയ്ക്ക് ചെറിയ വിമാനങ്ങൾ വരെ ഇറക്കാൻ കഴിയുന്ന താവളമുണ്ട്. അതിനാൽ ജമ്മുകാശ്മീർ അതിർത്തിയിൽ ചെയ്തതുപോലെ അതിർത്തി വേർതിരിച്ചുള്ള സ്ഥിരം സംവിധാനങ്ങൾ അടിയന്തരമായി സജ്ജമാക്കിയേ തീരൂ. അല്ലെങ്കിൽ കിലോമീറ്ററോളം നീളുന്ന മഞ്ഞുമലകളിൽ കടന്നുകയറ്റവും തർക്കങ്ങളും പതിവാകും. ഇപ്പോൾ കൈവശം വച്ച പ്രദേശങ്ങൾക്കുമേൽ ഇരുപക്ഷത്തിനും അവകാശവാദം ഉന്നയിക്കാൻ എളുപ്പമാണ്. അതിനാൽ ഇപ്പോൾ നമ്മുടെ കൈവശമുള്ള സ്ഥലങ്ങൾക്കുമേൽ ചൈനയ്ക്ക് അവകാശവാദം ഉന്നയിക്കാൻ അവസരം നൽകാത്ത വിധത്തിൽ നിർണയിച്ചിടണം.
ബ്രിഗേഡിയർ(റിട്ട) ഡോ. മോഹനൻപിള്ള
(പ്രതിരോധ, വിദേശകാര്യ
വിദഗ്ദ്ധനാണ് ലേഖകൻ)