വാഷിംഗ്ടൺ: അതിർത്തിയിൽ കടന്നുകയറാനുളള ചൈനീസ് ശ്രമങ്ങളെ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയപ്പോൾ പൂർണ പരാജയമായത് ചൈനീസ് പ്രസിഡന്റ് സി ജിൻപിംഗാണ്. ഇന്ത്യക്കെതിരായ ആക്രമണങ്ങൾ എല്ലാം നേരിട്ട് ആസൂത്രണം ചെയ്തത് സി ജിൻപിംഗാണെന്നതുതന്നെ അതിന് കാരണം. ഈ പരാജയം അദ്ദേഹത്തിന്റെ ഇമേജിനെയും ബാധിച്ചിട്ടുണ്ടത്രേ. ഒരു അമേരിക്കൻ മാഗസിനായ ന്യൂസ് വീക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയിലെ 'ആക്രമണങ്ങളുടെ ശില്പി' എന്നാണ് അദ്ദേഹത്തെ മാഗസിൻ വിശേഷിപ്പിക്കുന്നത്.
അതിർത്തിയിൽ അപ്രതീക്ഷിത നീക്കം നടത്തി ഇന്ത്യക്ക് ഷോക്ക്ട്രീറ്റ്മെന്റ് നൽകാനായിരുന്നു സി ജിൻപിംഗിന്റെ ശ്രമം. ഇതിനായി പട്ടാളത്തിന് പ്രത്യേക നിർദ്ദേശവും നൽകിയിരുന്നു. ഇന്ത്യൻ സൈന്യത്തിനുമുന്നിൽ ചൈനീസ് പട്ടാളം തോറ്റമ്പുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയതേ ഇല്ല. എല്ലാം തങ്ങൾ പ്രതീക്ഷിച്ചപോലെ വരുമെന്ന് കണക്കുകൂട്ടി. പക്ഷേ, ഇന്ത്യൻ സൈന്യത്തിലെ ചുണക്കുട്ടികൾക്ക് മുന്നിൽ സി ജിൻപിംഗിന്റെ നീക്കങ്ങൾ എല്ലാം തകർന്ന് തരിപ്പണമായി. ചൈനീസ് പട്ടാളം തോറ്റോടി.
അതിർത്തിയിൽ ചൈനയുടെ വക പ്രകോപനങ്ങൾ പലപ്പോഴും ഉണ്ടാവുമായിരുന്നു. എന്നാൽ ജൂൺ 15ന് നടന്ന ഗാൽവാൻ ആക്രമണത്തോടെയാണ് അതിന്റെ രൂപവും ഭാവവും മാറിയത്. ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തിൽ നിരവധി ഇന്ത്യൻ ഭടന്മാർ വീരമൃത്യുവരിച്ചു. അപ്രതീക്ഷിത നീക്കമായിരുന്നെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യൻ പ്രത്യാക്രമണത്തിൽ അറുപതിലധികം ചൈനീസ് പട്ടാളക്കാർക്ക് ജീവൻ നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ എത്ര സൈനികർ മരിച്ചു എന്ന് പറയാൻപോലും ചൈന ഇതുവരെ തയ്യാറായിട്ടില്ല.
രാത്രിയുടെ മറപറ്റി ചുഷൂലിൽ നുഴഞ്ഞുകയറാനുളള ചൈനയുടെ ശ്രമവും ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. അതിർത്തിപ്രശ്നത്തിൽ ഇന്ത്യയെ കരിവാരിത്തേക്കാനായി ഇന്ത്യൻ സൈന്യം തങ്ങളുടെ പട്ടാളക്കാർക്ക് നേരേ വെടിവച്ചെന്നും ചൈന പ്രചരിപ്പിച്ചു. പക്ഷേ, ഇതും വിലപ്പോയില്ല. ചൈനയാണ് പ്രശ്നമുണ്ടാക്കിയതെന്ന് ലോകത്തെ ബോധ്യപ്പെടുത്താനും ഇന്ത്യക്കായി. നേപ്പാൾപോലുളള അതിർത്തിരാജ്യങ്ങളെ ഇന്ത്യക്കെതിരെ തിരിക്കാനുളള ചൈനയുടെ ശ്രമവും വിജയിച്ചില്ല.
അതിർത്തിയിലെ പ്രശ്നങ്ങളെ തുടർന്ന് ചൈനീസ് ആപ്പുകൾ നിരോധിച്ചതടക്കമുളള ഇന്ത്യയുടെ നടപടികൾ ചൈനയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഇതും സി ജിൻപിംഗ് പ്രതീക്ഷിച്ചതായിരുന്നില്ല.
ഇന്ത്യയ്ക്കെതിരായ നീക്കങ്ങൾ പരാജയപ്പെട്ടത് സി ജിൻപിംഗിന്റെ ഇമേജിനെ ബാധിച്ചുവെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ ഇത് ബാധിക്കുമെന്ന് കരുതില്ലെന്ന് മാഗസിനിലെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പാർട്ടിയിലെ ഏറ്റവും ശക്തനാണ് സി ജിൻപിംഗ് എന്നതുതന്നെ ഇതിന് കാരണം. സംഭവിച്ചതെല്ലാം പ്രസിഡന്റിന്റെ തെറ്റാണന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അയാൾ പാർട്ടിയിലെന്നല്ല, ഈ ഭൂമിയിൽ തന്നെ പിന്നെ ഉണ്ടാവില്ല. ഇന്ത്യയോടേറ്റ തോൽവിയെത്തുടർന്ന് സൈന്യത്തിലെ ഉന്നതർക്കെതിരെ നടപടി ഉണ്ടായേക്കും എന്നും റിപ്പോർട്ടിൽ പറയുന്നു.