തിരുവനന്തപുരം: കേന്ദ്രസർക്കാർ പദ്ധതികളെല്ലാം കേരളത്തിലെത്തുമ്പോൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒന്നുകിൽ സംസ്ഥാന സർക്കാർ അതിനെ സ്വന്തം പദ്ധതിയാക്കി മാറ്റും. അതല്ലെങ്കിൽ പദ്ധതിയ്‌ക്ക് അനുവദിച്ച പണം വകമാറ്റി ചെലവഴിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കണമെന്ന ജൽജീവൻ പദ്ധതി നരേന്ദ്രമോദി സർക്കാരിന്റെ ലക്ഷ്യമാണ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
ലൈഫ് മിഷനിൽ തദ്ദേശ സർക്കാരുകൾ നീക്കിവയ്‌ക്കുന്ന പണം ഒഴിച്ചാൽ ബാക്കിയെല്ലാം കേന്ദ്രസർക്കാരിന്റെ പണമാണ്. സംസ്ഥാന സർക്കാർ ലൈഫ് മിഷന് വേണ്ടി ഒന്നും ചെയ്യുന്നില്ല. ലൈഫ് മിഷന് വേണ്ടി വിദേശരാജ്യങ്ങളിൽ നിന്നെത്തിയ പണം കമ്മിഷനടിക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഈ കൊറോണ ദുരിതകാലത്ത് കേരളം നടപ്പാക്കിയ എല്ലാ പദ്ധതികളും കേന്ദ്രത്തിന്റേതാണ്. ആരോഗ്യവകുപ്പ് ചെലവാക്കുന്ന പണമെല്ലാം കേന്ദ്രസർക്കാർ കൊടുത്തതാണ്. കേന്ദ്രം കൊടുക്കുന്നതല്ലാെത കേരളത്തിന് ഒരു നീക്കിയിരിപ്പുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രസർക്കാർ പദ്ധതികളെ സ്വന്തം പദ്ധതികളാക്കി മാറ്റി കേന്ദ്രത്തിനെതിരെ സമരം ചെയ്യുകയാണ് സംസ്ഥാന സർക്കാർ. പിണറായി വിജയനും ഇരുപത് കളളന്മാരും ചേർന്നാണ് കേരളം ഭരിക്കുന്നത്. കേരളം ചർച്ച ചെയ്യുന്ന എല്ലാ വിഷയങ്ങളിലും പ്രതികൾ മന്ത്രിമാരാണ്. ലൈഫ് മിഷനിലെ കമ്മിഷനിൽ മൂന്നര കോടി രൂപ കമ്മിഷൻ കിട്ടിയത് ജയരാജന്റെ മകനാണ്. തൊഴിലാളി വർഗ പാർട്ടിയുടെ നേതാക്കന്മാർക്ക് എന്തിനാണ് ഇത്രയധികം ബാങ്ക് ലോക്കറുകളെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.