കണ്ണൂർ: ലോക്കർ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് താൻ ബാങ്കിൽ പോയത്. തെറ്റായ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി.കെ ഇന്ദിര പറഞ്ഞു. കൊവിഡ് പരിശോധനയുടെ ഭാഗമായി സ്രവ പരിശോധന നടത്തിയ ശേഷമാണ് ബാങ്കിൽ പോയത്. ഇതിനെ ക്വാറന്റൈൻ ലംഘനമായി കാണാനാവില്ലെന്നും പി.കെ ഇന്ദിര അറിയിച്ചു.
അതേസമയം സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രിപത്നിയുടെ ബാങ്ക് സന്ദർശനത്തിന്റെ വിവരങ്ങൾ ശേഖരിച്ചുവെന്നാണ് വിവരം. ഇന്ദിരയുടെ ബാങ്ക് സന്ദർശനത്തിൽ വിശദീകരണം തേടി എൻഫോഴ്സ്മെന്റ് ഏജൻസി ബാങ്കിനെ ബന്ധപ്പെട്ടെന്നാണ് സൂചന.
കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് പി.കെ ഇന്ദിര കണ്ണൂരിലെ കേരള ബാങ്കിലെത്തിയത്. അടുത്ത ദിവസം പരിശോധനാഫലം വന്നപ്പോൾ മന്ത്രിയുടെ ഭാര്യയ്ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടർന്ന് ബാങ്കിൽ വച്ച് ഇന്ദിരയുമായി സമ്പർക്കത്തിൽ വന്ന മൂന്ന് ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇന്ദിരയുടെ ബാങ്കിലെ സന്ദർശനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്.