chakochis-jackfruit-plant

കോലഞ്ചേരി: രണ്ടര വയസുള്ള മകൻ ചാക്കോച്ചിക്കായി പിതാവ് എവിൻ മൂന്നര ഏക്കറുള്ള മലനിറയെ പ്ളാവു നട്ടു. 'ചാക്കോച്ചീടെ പ്ളാത്തോട്ടം' എന്ന് പേരുമിട്ടു. മൂന്നു വർഷം മുമ്പ് കറുകപ്പിള്ളിയിലെ മലയിലെ റബ്ബർ വെട്ടി മാറ്റിയായിരുന്നു പ്ളാവ് കൃഷി. 600 പ്ളാവുകൾ നട്ടാണ് സിവിൽ എൻജീനീയറായ എവിൻ സ്വപ്ന പദ്ധതി തുടങ്ങി വച്ചത്. എല്ലാം നാടൻ പ്ളാവുകളാണ്. വലുതാകുന്ന മുറയ്ക്ക് 100 എണ്ണം വരെ നിർത്തി ബാക്കി മുറിച്ച് മാറ്റും. ഇടവിളയായി പച്ചക്കറിയുമുണ്ട്.

പത്താം ക്ളാസ് പാസായപ്പോൾ പിതാവ് സ്രാമ്പിക്കൽ ടി.പി ജേക്കബ് നല്കിയ സമ്മാനം മകന്റെ പേരിൽ തീറാധാരം നടത്തിയ നാല്പത് സെന്റ് ഭൂമിയുടെ രേഖകളും വിളവെടുക്കാറായ ജാതി മരങ്ങളുമാണ്. കായ പറിച്ച് വിറ്റ് പണം എടുക്കാം, കണക്കൊന്നും പറയേണ്ട. സുഹൃത്തുക്കൾ കളിചിരിയുമായി നടക്കുമ്പോൾ എവിൻ എൺപതു സെന്റിൽ കൂടി ജാതി പിടിപ്പിച്ചു. മണ്ണിൽ അദ്ധ്വാനിച്ച പണം കൊണ്ട് പഠിച്ച് സിവിൽ എൻജിനീയറായി. പിന്നെ ഗൾഫിലേക്ക്. ആറു വർഷം ശ്വാസം മുട്ടി പണിയെടുത്ത് തിരിച്ചെത്തി. പിതാവ് അഞ്ചു വർഷം പരിപാലിച്ച റബ്ബറാണ്. പ്ലാവിന് മുന്നിൽ റബ്ബർ ഒന്നുമല്ല. ഇടിച്ചക്ക വിറ്റാലും 1000-1500 രൂപ ഒരു പ്ളാവിൽ നിന്ന് വർഷം കിട്ടും. മൂപ്പെത്തിയാൽ വില മൂന്നിരട്ടിയാകും. ചക്ക പ്രോസസിംഗ് യൂണിറ്റുകാർ തോട്ടം അടച്ചെടുക്കും.

jackfruit-plants

നാട്ടുകാരും ബന്ധുക്കളും വിമർശിച്ചെങ്കിലും കണക്കുകൾ നിരത്തി ബോദ്ധ്യപ്പെടുത്തിയപ്പോൾ പിതാവ് ഒപ്പം നിന്നു.
കോലഞ്ചേരി മെഡിക്കൽ കോളേജിലെ നഴ്സ് ഷെറിനാണ് എവി​ന്റെ ഭാര്യ. ജെയ്‌ക്,​ (ചാക്കോച്ചി​ ), ടിയാര ഇരട്ടക്കുട്ടികൾ. കോലഞ്ചേരിയിൽ 'എന്റെ വീട്' എന്ന ആർക്കിടെക്ട് സ്ഥാപനവും നടത്തുന്നു.

chackochi

''ആറാം വർഷം ആദായം തന്നു തുടങ്ങുന്ന പ്ളാവ് അറുപത് വർഷം കഴിയുമ്പോഴും അതേ ആദായം തരും. വെട്ടിവിറ്റാലും ലാഭം. മകൻ ചാക്കോച്ചിക്ക് വാർദ്ധക്യത്തിലും പ്ളാവ് തുണയാകും''.

എവി​ൻ