ന്യൂഡൽഹി: രാജ്യം അൺലോക്കിലേക്ക് കടക്കുന്നതിനിടെ വികസന രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്ത് പത്തുലക്ഷം കോടി രൂപ മുതൽ മുടക്കിൽ ഏഴ് ബുളളറ്റ് ട്രെയിൻ പദ്ധതികൾ തുടങ്ങാനാണ് തീരുമാനം. ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷന് സർക്കാർ നിർദേശം നൽകി. വിശദ പഠന റിപ്പോർട്ട് തയ്യാറാക്കിയാൽ മാത്രമെ ചെലവ് എത്രവരുമെന്ന് കൃത്യമായി കണക്കാക്കാൻ കഴിയൂവെന്ന് റെയിൽ കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കുന്നു.
കൊവിഡ് വ്യാപനത്തെ തുടർന്ന് മുംബയ്-അഹമ്മദാബാദ് ബുളളറ്റ് ട്രെയിൻ പദ്ധതി നീളുന്നതിനെടെയാണ് പുതിയ ഏഴ് റൂട്ടുകളിൽ കൂടി അതിവേഗ ട്രെയിൻ ഓടിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. കൊവിഡ് പ്രതിസന്ധിമൂലം ഭൂമി ഏറ്റെടുക്കാൻ വൈകിയതിനാൽ മുംബയ്-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർത്തിയാക്കാനുള്ള സമയപരിധി പുതുക്കേണ്ടതുണ്ടെന്ന് റെയിൽവേ ബോർഡ് ചെയർമാനും സി.ഇ.ഒയുമായ വി.കെ യാദവ് വ്യക്തമാക്കി. വിശദ പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിന് മൂന്നു മാസം മുതൽ ആറു മാസം വരെ സമയമെടുത്തേക്കാമെന്നാണ് വിവരം.
ഡൽഹി-വാരണാസി (865 കിലോമീറ്റർ), മുംബയ്-നാഗ്പൂർ (753 കിലോമീറ്റർ), ഡൽഹി- അഹമ്മദാബാദ് (886 കിലോമീറ്റർ), ചെന്നൈ-മൈസൂർ (435 കിലോമീറ്റർ), ഡൽഹി-അമൃത്സർ (459 കിലോമീറ്റർ), മുംബയ്-ഹൈദരാബാദ് (760 കിലോമീറ്റർ), വാരണാസി-ഹൗറ (760 കിലോമീറ്റർ) എന്നീ ഇടനാഴികളാണ് പരിഗണനയിലുള്ളത്.