yoshigide

ടോക്യോ: ജപ്പാനിൽ ഭരണകക്ഷിയായ ലിബറൽ ഡെമോ‌ക്രാ‌റ്റിക് പാർട്ടിയുടെ നേതാവായ യോഷിഹിഡെ സുഗ അടുത്ത പ്രധാനമന്ത്രിയാകും. നിലവിൽ ജപ്പാനിലെ ചീഫ് ക്യാബി‌ന‌റ്റ് സെക്രട്ടറിയാണ് സുഗ. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ പാർട്ടി തിരഞ്ഞെടുപ്പിൽ സുഗ 377 വോട്ട് നേടി. മ‌റ്റ് രണ്ട് സ്ഥാനാർത്ഥികളും ചേർന്ന് നേടിയത് 157 വോട്ട് മാത്രമാണ്.

ജപ്പാൻ ക്യാബിന‌റ്റിൽ മുഖ്യപങ്കും ലിബറൽ ഡെമോക്രാ‌റ്റിക് അംഗങ്ങളാണുള‌ളത്. അതിനാൽ തന്നെ ബുധനാഴ്‌ച പാർലമെന്റിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ സുഗ പ്രധാനമന്ത്രിയാകുമെന്നത് ഏതാണ്ട് ഉറപ്പാണ്. ഷിൻസോ അബെയുടെ വലംകൈയായി അറിയപ്പെട്ടിരുന്ന സുഗ എന്ത് വിധത്തിലും ഭരണപരമായ കാര്യങ്ങൾ അബെ കരുതുംപോലെ ഉരുക്ക്മുഷ്‌ടി ഉപയോഗിച്ച് നടത്തിയെടുക്കാൻ പ്രാഗൽഭ്യം നേടിയയാളാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ കർശനമായി നിയന്ത്രിക്കുന്നതിൽ കഴിവുള‌ളയാളാണ് സുഗ.

പരിഷ്‌കരണവാദിയാണ് താൻ എന്നാണ് സുഗ അഭിപ്രായപ്പെടുന്നത്. കാർഷിക കയ‌റ്റുമതി വർദ്ധിപ്പിക്കുവാനും രാജ്യത്ത് മൊബൈൽ ബില്ലുകൾ കുറക്കാനും ജപ്പാന്റെ ടൂറിസം രംഗത്തെ വികസനത്തിനും വലിയ പങ്ക് വഹിച്ചയാളാണ് സുഗ. വളരെ കുറച്ച് മാത്രമേ വിദേശങ്ങളിൽ യാത്രചെയ്‌തിട്ടുള‌ളു സുഗ. അതിനാൽ തന്നെ സുഗയുടെ നയതന്ത്ര മേന്മയെ കുറിച്ച് പുറംലോകത്തിന് അധികം അറിവില്ല.

കൊവിഡ് പ്രതിസന്ധി, രാജ്യം നേരിടുന്ന സാമ്പത്തിക കുഴപ്പങ്ങൾ, ചൈനയുമായുള‌ള നയതന്ത്ര പ്രശ്‌നങ്ങൾ ടോക്യോ ഒളിംപിക്‌സിന്റെ ഭാവി എന്നിവയിലും അമേരിക്കയുമായി നല്ലൊരു ബന്ധമുണ്ടാകാനും നിർണായക തീരുമാനങ്ങൾ ഇനിയെടുക്കേണ്ടത് യോഷിഹിഡെ സുഗ ആണ്.