plastic-surgery

ചൈനയിലെ കോസ്‌‌മെറ്റിക് സർജറി മാർക്കറ്റിന്റെ മൂല്യം എത്രയാണെന്ന് അറിഞ്ഞാൽ ആരുമൊന്ന് ഞെട്ടും. ഏതാണ്ട് 31 ബില്യൺ ഡോളർ. പക്ഷേ, ഇവിടെ പറയാനുദ്ദേശിക്കുന്ന സംഗതി ഇതല്ല, 30 വയസുള്ള ഒരു ചൈനീസ് യുവതിയെക്കുറിച്ചാണ്. കഴിഞ്ഞ 16 വർഷത്തിനിടെ വു സിയാചെൻ (ആബി) എന്ന യുവതി ചെയ്തത് 100 പ്ളാസ്റ്റിക് സർജറികളാണ്. ഇത് വെറും ബഡായി ആണെന്ന് ആരും കരുതണ്ട, സംഗതി നൂറുശതമാനവും സത്യം.

14 വയസുള്ളപ്പോഴാണ് ആബി ആദ്യമായി പ്ലാസ്റ്റിക് സർജറി ചെയ്യുന്നത്. ഇപ്പോൾ ആബി ചൈനയിലെ ഏറ്റവും പ്രശസ്തയായ പ്ലാസ്റ്റിക് സർജറി പ്രചാരകരിൽ ഒരാളാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് ആബിയെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. ബീജിംഗിൽ ആബിക്ക് രണ്ട് കോസ്‌‌മെറ്റിക് സർജറി ക്ലിനിക്കുകൾ ഉണ്ട്. കഴിഞ്ഞ 16 വർഷമായി പ്ലാസ്റ്റിക് സർജറി ചെയ്യുന്നത് വഴി തന്റെ രൂപം കുറ്റമറ്റതാക്കാനാണ് ആബിയുടെ ശ്രമം. ശരീരത്തിലെ ചെറിയ ഒരു അപൂർണത പോലും സഹിക്കാൻ കഴിയില്ല എന്നാണ് ആബി ചൈനീസ് മാദ്ധ്യമത്തോട് പറഞ്ഞത്. മൂക്കിൽ ആറ് തവണയും, കണ്ണുകളിൽ രണ്ട് തവണയും, ചുണ്ടുകളിൽ മൂന്ന് തവണയും സർജറി നടത്തിയിട്ടുണ്ട്.

ഇതിനോടകം ശരീരത്തിൽ 100 സർജറിയിൽ കൂടുതൽ നടത്തി എന്നും ആബി പറയുന്നു. ഇതിനായി നാല് ദശലക്ഷം യുവാനാണ് (ഏകദേശം 4 കോടി രൂപ ) ചെലവഴിച്ചത്. ചെലവ് വഹിക്കുന്നത് ആബിയുടെ മാതാപിതാക്കളാണ്. ആബിക്ക് കൗമാരപ്രായത്തിൽ രോഗപ്രതിരോധശേഷി കുറയുന്ന ഒരു രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനായി സ്റ്റിറോയിഡ് ഹോർമോണുകളായ ഗ്ലൂക്കോകോർട്ടിക്കോയിഡുകൾ എടുക്കേണ്ടിവന്നു. ഇത് ആബിയുടെ ഭാരം ക്രമാതീതമായി വർദ്ധിപ്പിച്ചു. കാലുകൾ വലുതായപ്പോൾ അസ്വസ്ഥത മാറ്റാൻ തുടകളിൽ ലിപോസക്ഷൻ (കൊഴുപ്പ് കളയാനുള്ള മാർഗം) ചെയ്തു. പ്ലാസ്റ്റിക് സർജറി വരുത്തുന്ന വ്യത്യാസം കണ്ടപ്പോൾ തന്റെ ശരീരത്തിലെ എല്ലാ പോരായ്മയും ശരിയാക്കാൻ ആബി തീരുമാനിച്ചു. അതിന്റെ ഫലമായാണ് 100 പ്ലാസ്റ്റിക് സർജറികൾ ചെയ്ത്‌ത്.