kwa

തിരുവനന്തപുരം: സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ നൽകാനുള്ള ഭീമമായ കുടിശിക കിട്ടാതായതോടെ കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ വാട്ടർ അതോറിട്ടി പിടിച്ചുനിൽക്കാൻ പാടുപെടുന്നു. ഇതേതുടർന്ന് കുടിശികയിൽ ഒരു വിഹിതമെങ്കിലും പിരിച്ചെടുക്കാനുള്ള നടപടികൾക്ക് വാട്ടർ അതോറിട്ടി ഒരുങ്ങുകയാണ്. കുടിശിക കുറച്ചെങ്കിലും തീർക്കണമെന്നാവശ്യപ്പെട്ട് സർക്കാർ വകുപ്പുകൾക്ക് കത്ത് നൽകാനൊരുങ്ങുകയാണ് വാട്ടർ അതോറിട്ടി. കൊവിഡിനെ തുടർന്ന് വാട്ടർ അതോറിട്ടിയുടെ വരുമാനത്തിൽ നല്ലൊരു പങ്ക് കുറവ് വന്നിരുന്നു. തുടർന്നാണ് റവന്യൂ പിരിവ് 70 ശതമാനമെങ്കിലും കൂട്ടാൻ തീരുമാനിച്ചത്.

30 കൊല്ലത്തിലേറെ..

വാട്ട‌ർ അതോറിട്ടിയുടെ 29 റവന്യൂ ഡിവിഷനുകളിലായി ജൂൺ വരെയുള്ള കണക്ക് അനുസരിച്ച് 1200 കോടിയാണ് കുടിശിക ഇനത്തിൽ പിരിഞ്ഞു കിട്ടേണ്ടത്. ഇതിൽ 1990 മുതൽ കുടിശിക അടയ്ക്കാത്ത സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമുണ്ട്.

കുടിശികക്കാർ ഇവർ

വാട്ടർ അതോറിട്ടിക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ളത് തിരുവനന്തപുരം റവന്യൂ ഡിവിഷനിലാണ്. 438 കോടിയാണ് ഇവിടെ നിന്നുള്ള വരുമാനം. തിരുവനന്തപുരത്തെ മാത്രം 160 കുടിശികക്കാർ 25 ലക്ഷം രൂപയാണ് വാട്ടർ അതോറിട്ടിക്ക് നൽകാനുള്ളത്. റവന്യൂ വരുമാനത്തിൽ രണ്ടാം സ്ഥാനത്തുള്ള കൊച്ചി പി.എച്ച് ഡിവിഷനിലും നൂറോളം സ്ഥാപനങ്ങൾ കുടിശിക അടയ്ക്കാനുണ്ട്. കൊച്ചി കോർപ്പറേഷൻ, തിരുവനന്തപുരം ഗവ. ലാ കോളേജ്, സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ്, അനുബന്ധ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ തുടങ്ങിയവയെല്ലാം കുടിശിക നൽകാനുണ്ട്.

ചോദിച്ചാൽ നൽകില്ല

സർക്കാർ സ്ഥാപനങ്ങളും വൻകിട സ്വകാര്യ സ്ഥാപനങ്ങളും ആയതിനാൽ കുടിശിക അടച്ചില്ലെങ്കിലും കുടിവെള്ളം മുട്ടിക്കില്ലെന്ന ധൈര്യമാണ് അടയ്ക്കാതിരിക്കാൻ ഇവർക്ക് പ്രേരണയാകുന്നത്. നോട്ടീസ് അയച്ചാൽ മറുപടി നൽകാൻ പോലും ഈ സ്ഥാപനങ്ങൾ തയ്യാറാകാറില്ല. സർക്കാർ കാര്യമല്ലേ മുറ പോലെ നടക്കും എന്ന മട്ടാണ് പലർക്കും. ഇതോടെ തുടർനടപടിയും കടലാസിലൊതുങ്ങും.

നഷ്ടം 344 കോടി

നിലവിൽ വാട്ടർ അതോറിട്ടിയുടെ വരുമാനം 925 കോടിയും ചെലവ് 1269 കോടിയുമാണ്. നഷ്ടം 344 കോടി. പദ്ധതികൾ നടപ്പാക്കാനുള്ള പണമില്ലാത്തതും വാട്ടർ അതോറിട്ടിക്ക് തിരിച്ചടിയാണ്. 1000 കിലോലിറ്റർ വെള്ളത്തിന് 13.5 രൂപയാണ് വാട്ടർ അതോറിട്ടിക്ക് നഷ്ടം വരുന്നത്. ഭീമമായ തുക കടമെടുത്താണ് ഇപ്പോൾ വാട്ടർ അതോറിട്ടി പദ്ധതികൾ നടപ്പാക്കുന്നത്. കേന്ദ്രത്തിൽ നിന്ന് ഗ്രാന്റായി 70 കോടി രൂപ കിട്ടുമെങ്കിലും പലപ്പോഴും ഇത് കൃത്യമായി ലഭിക്കാറുമില്ല.