തൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ‌്ന സുരേഷ് ചികിത്സയിൽ കഴിഞ്ഞ വാർഡിലുണ്ടായിരുന്ന മുഴുവൻ നഴ്സുമാർക്കും ജീവനക്കാർക്കും എതിരെ വകുപ്പുതല അന്വേഷണം നടത്താൻ തീരുമാനം. ഇവരുടെ ഫോൺ കോളുകൾ പരിശോധിക്കും. ഒരു ജൂനിയർ നഴ്‌സിന്റെ ഫോണിൽ നിന്ന് സ്വപ്ന ആരെയോ വിളിച്ചതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് പരിശോധന നടത്താൻ തീരുമാനമായത്. സ്വപ്‌നയ്‌ക്ക് നാളെ ആൻജിയോഗ്രാം നടത്തും.
മുഴുവൻ ജീവനക്കാരുടെയും പേരു വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് കൈമാറും. ഇന്നലെയാണ് നെഞ്ച് വേദനയെ തുടർന്ന് സ്വപ്നയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പ് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആറ് ദിവസം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ സമയത്താണ് സ്വപ്ന ആരെയോ ഫോൺ വിളിച്ചതായി വിവരം ലഭിച്ചത്.
കഴിഞ്ഞ ദിവസം സ്വപ്നയെ ഡിസ്ചാർജ് ചെയ്ത് വീണ്ടും വിയ്യൂർ ജയിലിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്ക് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്. കേസിലെ മറ്റൊരു മുഖ്യപ്രതി റമീസിനും ഇന്നലെ വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റമീസിന്റെ ആശുപത്രി വാസത്തിൽ അധികൃതർ അസ്വാഭാവികത പ്രകടിപ്പിക്കുന്നുണ്ട്.