അഭിനയ ജീവിതത്തിൽ 10 വർഷങ്ങൾ പിന്നിടുന്ന അജുവർഗീസ് സിനിമാ-കുടുംബ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു......
ഒരു പൂവ് ചോദിച്ചപ്പോൾ ഒരു വസന്തം തന്നെ സമ്മാനിച്ച് ദൈവം വാരിക്കോരി അനുഗ്രഹിച്ചയാളാണ് അജുവർഗീസ്. ഇരട്ടക്കുട്ടികളുടെ കാര്യത്തിൽ ഇരട്ടി ഭാഗ്യം ലഭിച്ചയാൾ.അഞ്ചുവയസുകാരായ ഇവാനും ജുവാനയുമാണ് ഇരട്ടക്കുട്ടികളിലെ മൂത്തവർ. ഇരട്ടകളിൽ ഇളയവരായ ജേക്കിനും ലൂക്കിനും മൂന്ന് വയസ്.
''കുട്ടികൾ തീരെ ചെറുതായിരുന്നപ്പോൾ അവർക്കൊപ്പം അധികസമയം ചിലവഴിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ കിട്ടുന്ന സമയം ചിലവഴിച്ചിട്ടുണ്ട്. കുട്ടികൾക്കെപ്പോഴും അമ്മയോടായിരിക്കും അടുപ്പം കൂടുതലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുട്ടിയായിരുന്നപ്പോൾ ഞാനും അങ്ങനെ തന്നെയായിരുന്നു. ഒരു പ്രായം കഴിയുമ്പോഴാണ് കുട്ടികൾ അച്ഛനോടടുക്കുന്നത്.""അജുവർഗീസ് വിശേഷങ്ങൾ പറഞ്ഞു തുടങ്ങി.
ഇൗ ലോക് ഡൗൺ കാലത്ത് വീട്ടിൽത്തന്നെയായതിനാൽ കുട്ടികൾക്കൊപ്പം ഇഷ്ടംപോലെ സമയം ചിലവഴിക്കാനായതിന്റെ ആഹ്ളാദത്തിലാണ് അജു.'വലിയ ഉത്തരവാദിത്വബോധമുള്ള ഒരച്ഛനൊന്നുമല്ല ഞാൻ. അവരുടെ തമാശകളിലും കുസൃതികളിലും ഒപ്പം കൂടുമെങ്കിലും തിരുത്തപ്പെടേണ്ട കാര്യങ്ങൾ ചൂണ്ടിക്കാണിക്കാറുണ്ട്. വഴക്ക് പറയാറുണ്ട്. പക്ഷേ നാല് പേരില്ലേ... അവരാണ് ഭൂരിപക്ഷം. തഞ്ചത്തിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഇവർ നമ്മളെ അറ്റാക്ക് ചെയ്യും." കലപില കൂട്ടിയിരിക്കുന്ന കുസൃതികുടുക്കകളെ ചേർത്ത് പിടിച്ച് അജു പറഞ്ഞു. ഇളയവർക്ക് അപ്പ പറയുന്ന കാര്യം അത്രയ്ക്കങ്ങ് പിടി കിട്ടിയില്ല. 'ഞങ്ങളെക്കുറിച്ചല്ലേ" യെന്ന മട്ടിൽ ചോദ്യഭാവത്തിൽ അവർ അമ്മയെ നോക്കി. മക്കളുടെ കുസൃതിയോടെയുള്ള നോട്ടം കണ്ട് അഗസ്റ്റിന ഉൗറിച്ചിരിച്ചു; ഒപ്പം അജുവും.
'അജു എങ്ങനെയുള്ള ഭർത്താവാ"ണെന്ന ചോദ്യം കേട്ട് മറുപടി പറയാതെ അഗസ്റ്റിന ചിരിച്ചതേയുള്ളൂ.
'ഒരു ഭർത്താവ് എന്നത് ജീവിതകാലം മുഴുവൻ പഠിച്ചാലും തീരാത്ത ഒരു തസ്തികയാണ്. കൂടുതൽ സമയവും ചിന്തയും ചിലവഴിക്കുന്നത് നമ്മുടെ ജോലിയിലായതുകൊണ്ട് ഭർത്താവെന്ന നിലയ്ക്ക് ഞാൻ ആവറേജാണ്. അല്ലെങ്കിൽ ആവറേജിന് അല്പം മുകളിൽ. വീട് നോക്കി നടത്തുന്നത് ഭാര്യ തന്നെയാണ്." അജു പറഞ്ഞു. 'അതെ" യെന്ന അർത്ഥത്തിൽ അഗസ്റ്റിന തലയാട്ടി.
മലർവാടി ആർട്സ് ക്ളബ് റിലീസായിട്ട് പത്തുവർഷമായെന്നോർക്കുമ്പോൾ അതിശയമാണ്. എത്ര പെട്ടെന്നാണ് വർഷങ്ങൾ പോകുന്നത്.
പത്തുവർഷത്തിനിടെ ഒരുപാട് സിനിമകൾ ചെയ്യാൻ പറ്റി. അതൊരു മഹാഭാഗ്യമാണ്. ഞാനഭിനയിച്ച ഒാരോ സിനിമകളും ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ എന്നെ സഹായിച്ചിട്ടേയുളളൂ. ഒരു താരപ്പൊലിമ കൈവന്നു എന്നൊന്നും ഒരിക്കലും തോന്നിയിട്ടില്ല. എന്റെ ജോലി അഭിനയമാണ്. അത് നന്നായി പഠിക്കുകയെന്നതാണ് പ്രധാനം. ആ പഠനം ഇപ്പോഴും തുടരുന്നു. അതിൽ ഞാൻ ഹാപ്പിയാണ്.
ജേക്കബിന്റെ സ്വർഗരാജ്യത്തിൽ വിനീതിന്റെ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തപ്പോൾ മുതൽ എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് എന്നാണ് സംവിധായകനാവുകയെന്നത് . ഇപ്പോഴത്തെ സാഹചര്യത്തിൽ അത് നടക്കുമെന്നോ ഉടനെ നടക്കുമെന്നോ എനിക്ക് തോന്നുന്നില്ല. ഞങ്ങളുടെ ബാനറിൽ രണ്ട് സിനിമകൾ നിർമ്മിക്കാൻ പറ്റി, ലൗ ആക്ഷൻ ഡ്രാമയും സാജൻ ബേക്കറിയും.
സാജൻ ബേക്കറിയുടെ തിരക്കഥയെഴുതുന്നത് മൂന്നുപേർ ചേർന്നാണ്. അതിൽ മൂന്നാമനാണ് ഞാൻ. സംവിധായകൻ അരുൺ ചന്തുവും, സച്ചിനും പിന്നെ ഞാനും.നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നീ റോളുകളൊന്നും ഞാൻ പ്ളാൻ ചെയ്തതല്ല. ഒരവസരം കിട്ടിയപ്പോൾ പരീക്ഷണം നടത്തിയെന്നേയുള്ളൂ.
മുന്നോട്ടുള്ള യാത്രയിലും ഒന്നും പ്ളാൻ ചെയ്തിട്ടില്ല. പ്ളാൻ ചെയ്ത് വച്ചിരുന്നതൊക്കെ തകിടം മറിഞ്ഞ ഒരു വർഷമല്ലേ ഇത്! സാജൻ ബേക്കറി മേയ് ആദ്യം റിലീസ് പ്ളാൻ ചെയ്തിരുന്ന സിനിമയാണ്. ഇനി എന്നായിരിക്കും റിലീസ് ചെയ്യാൻ പറ്റുകയെന്നറിയില്ല. മുൻപും സിനിമയിലെ ഒരു കാര്യവും ഞാൻ പ്ളാൻ ചെയ്തു ചെയ്തിട്ടില്ല. ഒരു ഡിസംബറിൽ ഷൂട്ടിംഗ് തുടങ്ങിയ ജേക്കബിന്റെ സ്വർഗരാജ്യത്തിൽ ഞാൻ അസിസ്റ്റന്റായിക്കോട്ടെയെന്ന് വിനീതിനോട് ചോദിക്കുന്നത് ഒക്ടോബർ അവസാനമാണ്. വളരെ താമസിച്ച് ചോദിച്ചിട്ട് പോലും വിനീത് സമ്മതിച്ചു. അതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടായി.നമ്മൾ ജോലി ചെയ്യുന്ന മേഖല മറ്റു വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരുടെ അദ്ധ്വാനവും ബുദ്ധിമുട്ടുകളുമൊക്കെ നേരിട്ട് മനസിലാക്കാൻ കഴിഞ്ഞു. ഒരു നടനെന്ന നിലയ്ക്ക് അത് ഒരുപാട് സഹായിച്ചു.
ലൗ ആക്ഷൻ ഡ്രാമയുടെ അതേ കൂട്ടുകെട്ടിൽ ഒരു സിനിമകൂടി ചെയ്യണമെന്ന് ഞങ്ങൾക്കെല്ലാം ആഗ്രഹമുണ്ട്.
സത്യത്തിൽ നിവിനുമായി ഞാൻ ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ല. മലർവാടിയും തട്ടവും ഒാംശാന്തി ഒാശാനയുമൊക്കെ കഴിഞ്ഞ് കുറേ നാളുകൾക്കുശേഷമാണ് ഒരു വടക്കൻ സെൽഫി സംഭവിക്കുന്നത്. അത് കഴിഞ്ഞ് ഹേ ജൂഡ്.കഴിഞ്ഞവർഷം റിലീസായ ലൗ ആക്ഷൻ ഡ്രാമയുടെ പിന്നാലെയായിരുന്നു മൂന്നുവർഷം.ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്ന പ്രോജക്ടുകൾ വച്ച് നോക്കിയാൽ നിവിനോടൊപ്പം രണ്ടുവർഷത്തിനുള്ളിൽ ഒരു സിനിമ സംഭവിക്കാൻ സാധ്യതയില്ല. വേറൊന്നും കൊണ്ടല്ല ഒരു ആവർത്തനം നമുക്ക് തന്നെ തോന്നുമ്പോൾ പ്രേക്ഷകർക്കും തോന്നും. അത് കൊണ്ടാണ്. അദ്ദേഹത്തിന്റെ തുറമുഖവും പടവെട്ടുമെല്ലാം സീരിയസ് സിനിമകളാണ്. ഞാൻ ഭാഗമായ നിവിന്റെ സിനിമകളെല്ലാം സിമ്പിളായ ചിരി സിനിമകളായിരുന്നു.
പതിവ് രീതികളിൽ നിന്ന് മാറിനിൽക്കുന്ന രണ്ട് വേഷങ്ങൾ കഴിഞ്ഞവർഷം എനിക്ക് സമ്മാനിച്ച സിനിമകളായിരുന്നു ഹെലനും കമലയും. ചോദിച്ചുവാങ്ങിച്ച വേഷങ്ങളായിരുന്നില്ല രണ്ടും. പ്ളാൻ ചെയ്തതുമല്ല. ഹെലനും കമലയും ചെയ്തപ്പോൾ അങ്ങനെയുള്ള കഥാപാത്രങ്ങളും കിട്ടിയാൽ കൊള്ളാമെന്ന ആഗ്രഹം തോന്നിത്തുടങ്ങി. രഞ്ജിത് ശങ്കറാണ് അങ്ങനെയൊരു തുടക്കം തന്നത്. സു.. സു.. സുധി വാത്മീകത്തിൽ അദ്ദേഹം അങ്ങനെ ഒരു വേഷം തന്നു. പ്രിയൻ സാറിന്റെ ഒപ്പത്തിലാണ് മാറ്റമുള്ള ഒരു വേഷം മുൻപ് കിട്ടിയത്. ഇനിയും അങ്ങനെയുള്ള വേഷങ്ങൾ കിട്ടണമെന്നുണ്ട്. അത് തീരുമാനിക്കുന്നത് തിരക്കഥാകൃത്തുക്കളും സംവിധായകരുമാണ്. അവരോടൊക്കെ ആഗ്രഹം പറയാറുണ്ട്. എന്നുകരുതി എനിക്ക് കിട്ടുന്ന പതിവ് വേഷങ്ങൾ വേണ്ടെന്ന് വയ്ക്കാനുള്ള പ്ളാനുമില്ല. അന്നും ഇന്നും എന്നെ വിളിക്കുന്ന ഏത് സിനിമയുടെയും അശ്ളീലമില്ലെങ്കിൽ അതിന്റെ ഭാഗമാകണമെന്നുണ്ട്. അത് എന്നിലെ നടന് ഒരുപാട് ആവശ്യവും ഗുണവുമുള്ളൊരു കാര്യമാണ്. ഒാരോ സിനിമയും ഒാരോ പാഠങ്ങളാണ്.
തിരക്കഥാകൃത്തുക്കൾ എഴുതിവച്ച ഡയലോഗുകൾ മാത്രമേ ഞാൻ സിനിമയിൽ പറഞ്ഞിട്ടുള്ളൂ.ലൗ ആക്ഷൻ ഡ്രാമയുടെ സമയത്ത് ഒരല്പം സാമ്പത്തിക ഞെരുക്കം വന്നു. രാത്രി പായ്ക്കപ്പൊക്കെ പറഞ്ഞിട്ട് ധ്യാനും ഞാനും വിശാഖും കൂടി ഇരിക്കുമ്പോൾ 'കുറച്ച് കാശ് ഇന്ററസ്റ്റിന് എടുത്താലോ"യെന്ന ഒരാലോചന വന്നു.'കാശ് തരാൻ ആർക്കും ഒരു ഇന്ററസ്റ്റും കാണില്ല"യെന്ന് പെട്ടെന്ന് ഞാൻ പറഞ്ഞു.അങ്ങനെ പറഞ്ഞപ്പോൾ അതിന് പിന്നിലൊരു വേദനയുണ്ടായിരുന്നു. ആ 'കൗണ്ടർ" ഞാനിപ്പോഴും ഒാർമ്മിച്ചിരിക്കുന്നതിന് കാരണമതാണ്.നമ്മൾ നമ്മുടെ ഭാവിപരിപാടികൾ പറയുന്നതാണ് ദൈവത്തെ ഏറ്റവും കൂടുതൽ ചിരിപ്പിക്കുന്നതെന്ന് ശ്രീനിവാസൻ സർ മുൻപൊരിക്കലെഴുതിയിട്ടുണ്ട്. അതെത്ര സത്യമാണ്. നമ്മൾ എന്തൊക്കെ പ്ളാൻ ചെയ്തിരുന്നു. അതൊക്കെ നടന്നോ! പ്രതീക്ഷ കൈവിടുന്നില്ല. എങ്കിലും നമ്മുടെ ഒരു വർഷത്തോളം നഷ്ടമായില്ലേ?
ഒന്നുകിൽ ഇൗ മഹാമാരി നമുക്ക് പിടിപെട്ടാലും സാരമില്ലെന്ന് കരുതണം. അല്ലെങ്കിൽ മാറുന്നത് വരെ കാത്തിരിക്കണം. തത്കാലം ഇൗ ഒഴുക്കിനൊപ്പം ഇങ്ങനെ പോയേപറ്റൂ.
സിനിമയുടെ കാര്യം വലിയ കഷ്ടമാണ്. സിനിമയിലെ താരങ്ങളെ മാത്രമേ പ്രേക്ഷകർ കാണുന്നുള്ളൂ. നടന്മാർ സിനിമയിലെ പതിനഞ്ചോ ഇരുപതോ ശതമാനമേ വരുന്നുള്ളൂ. ബാക്കി ഭൂരിഭാഗം വരുന്നവർ സിനിമയുടെ മറ്റ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്. സിനിമയുടെ പിന്നണിയിൽ നിൽക്കുന്ന എത്രയോ പേരുടെ പ്രയത്നം പ്രേക്ഷകർ അറിയുന്നില്ല. അതൊരു തെറ്റാണെന്നല്ല ഞാൻ പറയുന്നത്.
ആറുമാസത്തിനിടെ ഏറെ നഷ്ടം സഹിച്ച വ്യവസായമാണ് സിനിമയും തിയേറ്റർ മേഖലയും.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലരും മറ്റ് മേഖലകളിലേക്ക് തിരിയാൻ തുടങ്ങി. എന്നാണ് ഇതിനൊരവസാനമെന്നറിയില്ല. ആ വേദനകൾ മാറി ഇഷ്ടമുള്ള മേഖലയിലേക്ക് എല്ലാവർക്കും തിരിച്ചുവരാൻ എത്രയും വേഗം കഴിയട്ടെയെന്നാണ് പ്രാർത്ഥന.സാജൻ ബേക്കറി സീൻസ് 1962, സായാഹ്ന വാർത്തകൾ, ജാക്ക് ആൻഡ് ജിൽ, ആർട്ടിക്കിൾ 21, T സുനാമി, മിന്നൽ മുരളി എന്നീ സിനിമകളാണ് എന്റേതായി ഇനി വരാനുള്ളത്.
ഫൺറ്റാസ്റ്റിക് ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനി തുടങ്ങുമ്പോൾ ഒന്ന് രണ്ട് വലിയ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാലേ കമ്പനി ജനങ്ങളിലേക്കെത്തൂ. ഒരു വലിയ സിനിമ കഴിഞ്ഞ് ഞങ്ങൾ ചെയ്തത് സാജൻ ബേക്കറിയെന്ന കൊച്ചു സിനിമയാണ്. ഞാനല്ല ലെനയാണ് അതിലെ കേന്ദ്ര കഥാപാത്രം.കൊവിഡ് 19 എന്ന മഹാമാരി വന്ന ശേഷം ഇൗസ്റ്റർ ഉൾപ്പെടെ ഒരാഘോഷവും വിപുലമായി കൊണ്ടാടിയില്ല. ഒാണത്തിനും ആഘോഷങ്ങളൊന്നുമില്ല. സിനിമകളുടെ ഷൂട്ടിംഗ് എത്രയും വേഗം തുടങ്ങണേയെന്ന ആഗ്രഹവും പ്രാർത്ഥനയുമേയുള്ളൂ.