മുംബയ്: മുംബയിയെ പാകിസ്ഥാൻ അധീന കാശ്മീരുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള വിവാദ പരാമർശത്തിന്റെ പേരിൽ നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള പോര് മുറുകിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ച നീണ്ടുനിന്ന ശിവസേനയുമായുള്ള 'പരസ്യ യുദ്ധത്തിനൊടുവിൽ' താൻ മുംബയ് വിടുകയാണെന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് താരമിപ്പോൾ.
ഇന്ന് രാവിലെയാണ് നടി ട്വീറ്റ് പോസ്റ്റ് ചെയ്തത്. മുംബയിയെ പാക് അധീന കാശ്മീരുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള തന്റെ പരാമർശം ശരിവയ്ക്കുന്ന രീതിയിലുള്ള അനുഭവങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തനിക്ക് ഉണ്ടായതെന്ന് കങ്കണ പറയുന്നു. മുംബയിൽ നിന്ന് പോകുന്നത് വേദനയോടെയാണെന്നും നടി ട്വീറ്റ് ചെയ്തു.
' ഈ ദിവസങ്ങളിൽ എനിക്കെതിരെയുള്ള നിരന്തരമായ ആക്രമണങ്ങളിലൂടെയും, എന്നെ ഭയപ്പെടുത്തിയ രീതിയും, എന്റെ ഓഫീസിന് ശേഷം എന്റെ വീടും തകര്‍ക്കാനുണ്ടായ ശ്രമവും മുന്നറിയിപ്പുകളുമെല്ലാം പാക് അധീന കാശ്മീര്‍ എന്ന എന്റെ ഉപമ ശരിവയ്ക്കുന്നു.'-നടി ട്വീറ്റ് ചെയ്തു.
With a heavy heart leaving Mumbai, the way I was terrorised all these days constant attacks and abuses hurled at me attempts to break my house after my work place, alert security with lethal weapons around me, must say my analogy about POK was bang on. https://t.co/VXYUNM1UDF
— Kangana Ranaut (@KanganaTeam) September 14, 2020
വിവാദ പരാമർശത്തിന് പിന്നാലെ നടിക്കെതിരെ ശിവസേന പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. നടിയുടെ ഓഫീസ് കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്ന് കാണിച്ച് ബ്രിഹാൻ മുംബയ് കോർപ്പറേഷൻ അത് പൊളിച്ചു മാറ്റിയ സംഭവങ്ങൾ ഉൾപ്പെടെ നടന്നുകഴിഞ്ഞു. ഭീഷണിയുടെ പശ്ചാത്തലത്തിൽ കങ്കണയ്ക്ക് കേന്ദ്രസർക്കാർ വൈപ്ലസ്കാറ്റഗറി സുരക്ഷയും നൽകിയിരുന്നു.
കൂടാതെ ഇന്നലെ കങ്കണ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഹോദരി രംഗോലിക്കൊപ്പമാണ് കങ്കണ ഗവർണറുടെ വസതിയിലെത്തിയത്. ഒരു മകളെ കേൾക്കുന്നതുപോലെ അദ്ദേഹം തന്നെ കേട്ടു എന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം കങ്കണ പറഞ്ഞത്.