lgbt

ന്യൂഡൽഹി: രാജ്യത്തെ നിയമം,സമൂഹം,മൂല്യങ്ങൾ ഇവയൊന്നും സ്വവർഗ വിവാഹം അംഗീകരിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ. സോളിസി‌റ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്ര സർക്കാർ നിലപാട് കോടതിയിൽ അറിയിച്ചത്. സ്വവർഗബന്ധം സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ടെന്ന് കാട്ടി സ്വവർഗ വിവാഹത്തിന് 1956ലെ ഹിന്ദു വിവാഹ നിയമ പ്രകാരം അംഗീകാരവും രജിസ്‌ട്രേഷനും അനുമതി തേടി സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാട് ഈ നിലപാട് അറിയിച്ചത്. ഹിന്ദു നിയമ പ്രകാരം വിവാഹം അംഗീകരിക്കാൻ വിവാഹം കഴിക്കുന്നതിൽ ഒരാൾ പുരുഷനും മ‌റ്റെയാൾ സ്‌ത്രീയുമാകണം. മേത്ത പറഞ്ഞു.

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രകാരം സ്വവർഗപ്രേമത്തിന് ഉണ്ടായിരുന്ന നിയമപരമായ വിലക്ക് നീക്കുക മാത്രമാണുണ്ടായത്. അതിൽ കൂടുതലായി വിധിയിൽ ഒന്നുമില്ല. തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. അഭിജിത്ത് അയ്യർ മിത്രയാണ് രജിസ്‌ട്രേഷന് അനുമതി തേടി ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

രജിസ്‌ട്രേഷന് അനുമതി നൽകാത്തത് ജീവിക്കാനുള‌ള അവകാശത്തിനെ നിരസിക്കുന്നതിന് തുല്യമാണ്. എന്നായിരുന്നു ഹർജി സമർപ്പിച്ചവരുടെ വാദം. ഡൽഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഡി.എൻ പട്ടേൽ, ജസ്‌‌റ്റിസ് പ്രതീക് ജലൻ എന്നിവരുടെ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. കേസിൽ വിശദമായ വാദം കേൾക്കാൻ ഒക്‌ടോബർ മാസത്തേക്ക് മാ‌റ്റി.