kamla

ന്യൂയോര്‍ക്ക്: യു.എസില്‍ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തെന്നി വീണ് ഇന്ത്യന്‍ യുവതി മരിച്ചു. ഭാവി വരനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോളവരപ്പു കമലയെന്ന 27കാരിയാണ് മരിച്ചത്.


അറ്റ്‌ലാന്റയിലെ ബന്ധുക്കളെ സന്ദര്‍ശിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കമലയും ഭാവി വരനും ബാല്‍ഡ് റിവര്‍ വെള്ളച്ചാട്ടത്തിന് സമീപം വാഹനം നിര്‍ത്തുകയായിരുന്നു. സ്ഥലത്ത് നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും വഴുതി വീഴുന്നതെന്നാണ് റിപ്പോര്‍ട്ട്. യുവാവിനെ രക്ഷപ്പെടുത്തിയെങ്കിലും കമലയുടെ ജീവന്‍ രക്ഷിക്കാനായില്ല.


യുവാവിനെ രക്ഷപ്പെടുത്തുന്നതിനിടെയാണ് രക്ഷാപ്രവര്‍ത്തകര്‍ സമീപത്ത് അബോധാവസ്ഥയിലായ നിലയില്‍ കമലയെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമലയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മകളുടെ വിയോഗ വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് കുടുംബം. എഞ്ചിനീയറിംഗ് ബിരുദധാരിയായ മകള്‍ ഉന്നത പഠനത്തിനായാണ് യു.എസിലേക്ക് പോയതെന്ന് അമ്മ പറഞ്ഞു.


കമലയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സഹായവും ചെയ്ത് കൊടുക്കുമെന്ന് തെലുഗു അസോസിയേഷന്‍ പറഞ്ഞതായി കമലയുടെ അച്ഛന്‍ വ്യക്തമാക്കി. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് കമലയുടെ കുടുംബം കഴിയുന്നത്. നിലവില്‍ യു.എസില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഇവര്‍.