satellite-launch

ബീജിംഗ്: ഉപഗ്രഹവിക്ഷേപണത്തിൽ ചൈനയ്ക്ക് വൻ തിരിച്ചടി. ഒപ്ടിക്കൽ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ ജിലിൻ1 ഗാവോഫെൻ 02 സിയാണ് പരാജയപ്പെട്ടത്. ചൈന ഏറെ പ്രതീക്ഷയോടെ വിക്ഷേപിച്ച ഈ ഉപഗ്രഹം ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു എന്നാണ് ഔദ്യാേഗിക വിശദീകരണം.

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.02നായിരുന്നു ജിയുക്വാൻ സാറ്റലൈറ്റ് വിക്ഷേപണകേന്ദ്രത്തിൽ നിന്ന് ജിലിൻ1 ഗാവോഫെൻ 02 സിയുമായി കാരിയർ റോക്കറ്റ് കുതിച്ചുയർന്നത്. തുടർന്നാണ് വിക്ഷേപണം പരാജയപ്പെട്ടെന്ന് ഔദ്യോഗിക വിശദീകരണം വന്നത്. പരാജയ കാരണങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ചൈനയുടെ ചൊവ്വാ ദൗത്യമായ ടിയാൻവെൻ – 1 ഈ വർഷം അവസാനം ഉണ്ടാകുമെന്ന് ചൈനാ ദേശീയ ബഹിരാകാശ ഏജൻസി നേരത്തേ വ്യക്തമാക്കിയിരുന്നു. ഏപ്രിലിൽ നിശ്ചയിച്ചിരുന്ന ദൗത്യം കൊവിഡിന്റെ സാഹചര്യത്തിലാണ് മാറ്റിവച്ചത്. ആദ്യ ശ്രമത്തിൽത്തന്നെ ചൊവ്വയെ പ്രദക്ഷിണം വയ്ക്കുന്നതിനു പുറമെ പേടകം ഉപരിതലത്തിൽ ഇറക്കുന്നതിനും റോവർ പരീക്ഷണവുമെല്ലാം ചൈന ലക്ഷ്യമിടുന്നു. ജിലിൻ1 ഗാവോഫെൻ 02 സി പരാജയപ്പെട്ടതിനാൽ ചൊവ്വാദൗത്യം നീട്ടിവയ്ക്കുമോ എന്ന് വ്യക്തമല്ല.