ജാക്കാർത്ത : കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാൽ നമ്മുടെ നാട്ടിൽ പിഴത്തുക അടയ്ക്കേണ്ടി വരും. ചിലർക്കെതിരെ പൊലീസ് കേസെടുക്കും. പക്ഷേ, ഇന്തോനേഷ്യയിലെ ജാവ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ കൊവിഡ് നിയമ ലംഘകർക്ക് വളരെ വ്യത്യസ്ഥമായ ശിക്ഷകളാണ് നൽകുന്നത്. കൊവിഡ് മൂലം മരിക്കുന്നവരെ സംസ്കരിക്കാനുള്ള കുഴി എടുക്കണമെന്നാണ് മാസ്ക് വിരോധികൾക്ക് ഈസ്റ്റ് ജാവയിൽ നൽകുന്ന ശിക്ഷ. ഗ്രെസീക് പ്രദേശത്താണ് വിചിത്രമായ ശിക്ഷാ നടപടി ആദ്യമായി നടപ്പാക്കിയത്. ഇവിടുത്തെ ഗ്രാമത്തിലെ പൊതുശ്മശാനത്തിലാണ് മാസ്ക് ധരിക്കാൻ വിസമ്മതിക്കാത്തവരെ കൊണ്ട് ശവക്കുഴി എടുപ്പിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവർക്ക് ഇങ്ങനെയുള്ള ശിക്ഷകൾ നൽകിയാലേ ശരിയാകൂ എന്ന് പ്രാദേശിക ഭരണകൂടങ്ങൾ പറയുന്നു. ഇന്തോനേഷ്യയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അധികൃതർ കർശനമായ നിയന്ത്രണങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. പ്രോട്ടോക്കോൾ വകവയ്ക്കാത്തവർക്ക് ഒന്നുകിൽ പിഴയായി നിശ്ചയിച്ചിട്ടുള്ള തുക അടയ്ക്കണം. അല്ലെങ്കിൽ അല്ലെങ്കിൽ ഇത്തരത്തിൽ സാമൂഹ്യ സേവനങ്ങൾ ചെയ്യണം.
ശ്മശാനത്തിൽ കുഴികൾ എടുക്കുന്നത് മാത്രമല്ല, വിചിത്രമായ നിരവധി ശിക്ഷാ രീതികളാണ് ജാവയിലെ ഗ്രാമങ്ങളിൽ. മാസ്ക് ധരിക്കാത്തതിന് ഒരു യുവാവിനെ ശവപ്പെട്ടിയിൽ കിടത്തി 100 വരെ എണ്ണിപ്പിച്ചു. ആരോഗ്യ വിദഗ്ദ്ധർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ ശരിക്കും ശവപ്പെട്ടിയിലാകുമെന്ന് അധികൃതർ മുന്നറിയിപ്പും നൽകി. കൂടാതെ രാത്രി സെമിത്തേരിയിലെത്തി കൊവിഡ് ബാധിച്ച് മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുക, ആംബുലൻസിൽ മൃതദേഹത്തോടൊപ്പം സഞ്ചരിക്കുക, ശ്മശാനം വൃത്തിയാക്കുക തുടങ്ങിയവയും പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവരെ കാത്തിരിക്കുന്നു. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജാക്കാർത്തയിൽ 23 ഡോളറാണ് മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ. അല്ലെങ്കിൽ ഒരു മണിക്കൂർ കർശനമായി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ചെയ്യണം. നിലവിൽ 221,523 പേർക്കാണ് ഇന്തോനേഷ്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 8,841 പേർ മരിച്ചു.