ന്യൂഡൽഹി: കൊവിഡ് കേസുകളും കൊവിഡ് മരണങ്ങളും ഇന്ത്യയ്‌ക്ക് പിടിച്ചുനിർത്താനായതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർദ്ധൻ. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡ് കേസുകൾ 10 ലക്ഷത്തിൽ 3328, കോവിഡ് മരണം 10 ലക്ഷത്തിൽ 55 എന്ന നിരക്കിലേക്കെത്തിക്കാൻ നമുക്ക് സാധിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായി ഇന്ത്യ നിരവധി വഴികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പാർലമെന്റിൽ വിശദീകരിച്ചു.
രാജ്യത്ത് പ്രഖ്യാപിച്ച നാല് മാസത്തെ ലോക്ക്‌ഡൗണിലൂടെ 14 ലക്ഷം മുതൽ 29 ലക്ഷം വരെ കൊവിഡ് കേസുകളും 37,000 മുതൽ 78,000 വരെ കൊവിഡ് മരണങ്ങളും ഒഴിവാക്കാൻ കഴിഞ്ഞു. നാല് മാസത്തെ ലോക്ക്ഡൗൺ ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിനും സാധിച്ചു. പി.പി.ഇ കിറ്റ്. എൻ 95 മാസ്‌ക്, വെന്റിലേറ്ററുകൾ തുടങ്ങിയവ കൂടുതൽ ഉത്‌പാദിപ്പിക്കാൻ രാജ്യത്തിന് കഴിഞ്ഞു.
മാർച്ചിൽ ഉണ്ടായതിനേക്കാൾ എത്രയോ മടങ്ങ് ഐസോലേഷൻ കിടക്കകളും ഐ.സി.യു കിടക്കകളും വർദ്ധിപ്പിക്കാൻ രാജ്യത്തിന് കഴിഞ്ഞു. പി.പി.ഇ കിറ്റ് അടക്കമുള്ള ഉപകരണങ്ങൾ നിർമിക്കുന്നതിന് വിഭവങ്ങൾ ഇല്ലാതിരുന്ന ഇന്ത്യയിപ്പോൾ അവ കയറ്റുമതി ചെയ്യാനാവുന്ന ഘട്ടത്തിലേക്കെത്തിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.