തിരുവനന്തപുരം: സമാന്തര സർവീസുകൾക്ക് അന്ത്യം കുറിക്കുകയെന്ന ലക്ഷ്യത്തോടെ യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും നിറുത്തുകയും എവിടെ നിന്നുവേണമെങ്കിലും കയറാനും കഴിയുന്ന തരത്തിൽ അവതരിപ്പിച്ച അൺലിമിറ്റഡ് ഓർഡിനറി ബസ് സർവീസുകൾ വിപുലീകരിക്കാൻ കെ.എസ്.ആർ.ടി.സി ഒരുങ്ങുന്നു. കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ യാത്രക്കാരെ ആകർഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കൊണ്ടുവന്നതാണ് പദ്ധതി.
തെക്കൻ മേഖലയിൽ നൂറോളം ബസുകളാണ് നിലവിൽ അൺലിമിറ്റഡ് സ്റ്രോപ്പ് ഓർഡിനറിയായി സർവീസ് നടത്തുന്നത്. ജില്ലയിൽ പേരൂർക്കട, നെടുമങ്ങാട്, പാലോട്- മടത്തറ റൂട്ടുകളിലാണ് കഴിഞ്ഞയാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ അൺ ലിമിറ്റഡ് സർവീസുകൾ കെ.എസ്.ആർ.ടി.സി ആരംഭിച്ചത്. ഇതിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് 47 റൂട്ടുകളിൽ കൂടി സർവീസ് ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചത്. 75 ബസുകളാണ് ഈ റൂട്ടുകളിൽ സർവീസ് നടത്തുക. അൺ ലിമിറ്റഡ് സർവീസ് തുടങ്ങിയതോടെ വരുമാനം കിലോമീറ്ററിന് 22 രൂപയിൽ നിന്ന് 35 രൂപ ആയി ഉയർന്നിരുന്നു. ഇപ്പോൾ നഗരപ്രാന്തങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമാണ് അൺ ലിമിറ്റഡ് സർവീസുകൾ വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്.
പ്രധാന റൂട്ടുകൾ ഇങ്ങനെ
വികാസ് ഭവൻ- മെഡിക്കൽ കോളേജ്- മണ്ണന്തല- വട്ടപ്പാറ- കണക്കോട്- വെമ്പായം- വികാസ് ഭവൻ
കാട്ടാക്കട- നെയ്യാറ്റിൻകര- പൊടിയകാല
വെള്ളറട- മാരായമുട്ടം- നെയ്യാറ്റിൻകര
വെള്ളനാട് -നെടുമങ്ങാട്- കാട്ടാക്കട
കിഴക്കേക്കോട്ട- പേരൂർക്കട- കല്ലയം- വട്ടപ്പാറ കുറ്റിയാനി- പോത്തൻകോട്
ആറ്റിങ്ങൽ- കഴക്കൂട്ടം- ചിറയിൻകീഴ്
പോത്തൻകോട്- പെരുമാതുറ
ചാത്തന്നൂർ- കൊട്ടിയം- കല്ലമ്പലം
കൊല്ലം - പാരിപ്പള്ളി
പുനലൂർ-തെന്മല-ആര്യങ്കാവ്
കുളത്തൂപ്പുഴ-മടത്തറ
പുതിയ പേരുവരും
അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകൾക്ക് പുതിയ പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങളോട് കെ.എസ്.ആർ.ടി.സി അഭ്യർത്ഥിച്ചിട്ടുണ്ട്. സൗകര്യാർത്ഥം എവിടെയും നിറുത്തുന്ന ബസുകളാണ് ഓർഡിനറി അൺലിമിറ്റഡ്. അടുത്തിടെ ആരംഭിച്ച ബസുകൾക്ക് വൻ സ്വീകരണമാണ് യാത്രക്കാരിൽ നിന്നുണ്ടായത്. വിവിധ ഡിപ്പോകളിലേക്ക് സർവീസ് നീട്ടുകയാണ്. ഇതേ തുടർന്നാണ് പേരിടാൻ തീരുമാനിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലാണ് കെ.എസ്.ആർ.ടി.സി ഇതിനുള്ള അഭ്യർത്ഥന നടത്തിയത്.