cutout-marrige

ലണ്ടൻ: ആറ്റുനോറ്റിരുന്ന് കല്യാണമെത്തിയപ്പോൾ, ബന്ധുക്കളിൽ പലർക്കും കൊവിഡ് ബാധിച്ചു. സുഹൃത്തുക്കളിൽ പലരും ക്വാറന്റൈനിലും ബ്രിട്ടീഷുകാരായ റൊമാനിയും പ്രതിശ്രുത വരൻ സാം റോൺഡ്യൂ സ്‌മിത്തും ഇതുകൊണ്ടൊന്നും തളർന്നില്ല.

പ്രിയപ്പെട്ടവരെയെല്ലാം കല്യാണത്തിലെത്തിക്കാൻ ഇരുവരും അടിപൊളിയൊരു വിദ്യ നടപ്പാക്കി.

കാർഡ്ബോർഡുകൊണ്ട് ബന്ധുക്കളുടെയും കൂട്ടുകാരുടെയും യഥാർത്ഥ വലിപ്പത്തിലുളള കട്ടൗട്ടുകൾ പണിത് വിവാഹവേദിയിൽ നിരത്തിവച്ചു. വിവാഹശേഷം അവയ്ക്കൊപ്പം നിന്ന് ഫോട്ടോയും എടുത്തു. അതോടെ കല്യാണത്തിന് ആരും എത്തിയില്ലെന്ന വിഷമം പമ്പകടന്നു.

കഴിഞ്ഞ ജൂലായിലാണ് ഇവരുടെ വിവാഹം ആദ്യം നിശ്ചയിച്ചിരുന്നത്. പക്ഷേ, കൊവിഡ് പ്രശ്നമുണ്ടാക്കി. താമസ സ്ഥലത്തിന് സമീപം നിരവധിപേർക്ക് രോഗം സ്ഥിരീകരിച്ചതാേടെ വിവാഹം ആഗസ്റ്റിലേക്ക് മാറ്റി. ഈ സമയം ആർക്കും രോഗബാധ ഉണ്ടായില്ലെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾ അധികൃതർ കർശനമാക്കിയിരുന്നു.

വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി കിട്ടിയത്. ഇതറിഞ്ഞതോടെ പ്രശ്നത്തെ മറികടക്കാൻ മറ്റെന്തെങ്കിലും വഴിയുണ്ടോ എന്ന് അന്വേഷണമായി. ഒടുവിലാണ് കട്ടൗട്ട് വയ്ക്കാം എന്ന ഐഡിയ തലയിൽ മിന്നിയത്. ഒട്ടും വൈകാതെ നടപ്പാക്കുകയും ചെയ്തു. നൂറിലധികം പേരുടെ കട്ടൗട്ടുകളാണ് തയ്യാറാക്കിയത്. ആകെ ചെലവ് രണ്ടുലക്ഷം രൂപ. അതിഥികൾക്ക് ആഹാരം കൊടുക്കുന്നതുൾപ്പടെയുളള ചെലവ് വച്ചുനോക്കുമ്പോൾ ഇത് തീരെകുറവ്.