ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോരുന്നതിന് ബ്രിട്ടൻ ഒപ്പുവെച്ച ബ്രെക്സിറ്റ് ബില്ലിലെ വ്യവസ്ഥകൾ മറികടക്കുന്നതിന് പുതിയ ബില്ലുമായി ബോറിസ് ജോൺസൺ സർക്കാർ. ബ്രിട്ടീഷ് സർക്കാരിന്റെ ഈ നടപടി നാണക്കേടാണെന്നും എം.പിമാർ എതിർത്ത് തോൽപിക്കണമെന്നും മുൻ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയറും സർ ജോൺ മേജറും ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയനുമായി ഒപ്പുവെച്ച ബ്രെക്സിറ്റ് കരാറിൽ മാറ്റംവരുത്താനുള്ള സർക്കാർ ശ്രമം മോശം പ്രവൃത്തിയാണെന്നും ഇരുവരും പറഞ്ഞു. ഇന്റേണൽ മാർക്കറ്റ് ബില്ലിൽ തിങ്കളാഴ്ചയാണ് എം.പിമാർ ചർച്ച നടത്തുക. ഇപ്പോഴത്തെ ഭരണകക്ഷിയായ കൺസെർവേറ്റിവ് പാർട്ടി നേതാവാണ് ജോൺ മേജർ. പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടിയെ പ്രതിനിധാനം ചെയ്താണ് ബ്ളെയർ പ്രധാനമന്ത്രിയായത്.
ഇരുവരും ചേർന്ന് സൺഡേ ടൈംസിൽ എഴുതിയ ലേഖനത്തിലാണ് ബോറിസ് ജോൺസൺ സർക്കാരിന്റ നടപടി ബ്രിട്ടന്റെ അന്തസ് നശിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കിയത്. സർക്കാർ നടപടി നിരുത്തരവാദപരവും അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതും അപകടകരവുമാണെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ബ്രെക്‌സിറ്റ് വ്യാപാര കരാർ ഒപ്പുവയ്ക്കുന്നതിൽ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ കഴിഞ്ഞയാഴ്ച നടന്ന ചർച്ചകളും വിജയിച്ചിരുന്നില്ല.