പത്തനംതിട്ട: പത്തനംതിട്ടയുടെ ആരോഗ്യ മേഖലയ്‌ക്ക് ഇന്ന് സുവർണദിനം. ആരോഗ്യരംഗത്ത് മലയോരമേഖലയുടെ കുതിച്ചുചാട്ടത്തിൽ അണിചേർന്ന് കോന്നി മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്ന് നിർവഹിച്ചത്.
ജനങ്ങൾ ഏതെല്ലാം കാര്യത്തിൽ സന്തോഷിക്കുന്നുവോ അത് നടക്കാൻ പാടില്ലെന്നാണ് ചിലർ കരുതുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളോടൊപ്പം സന്തോഷിക്കാൻ കഴിയാത്തവരാണ് കോന്നി മെഡിക്കൽ കോളേജിന്റെ ഉദ്ഘാടന പരിപാടി ബഹിഷ്‌കരിച്ചത്. കെടുകാര്യസ്ഥതകൊണ്ട് നിലച്ചുപോയ പദ്ധതി, ഈ സർക്കാർ വന്നശേഷമാണ് പുനരാരംഭിച്ചത്. അതുകൊണ്ട്, പദ്ധതി ഉപേക്ഷിക്കപ്പെട്ടതിന് കാരണക്കാരായവർക്ക് ജാള്യമുണ്ടാകുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോന്നി മെഡിക്കൽ കോളേജ്, പത്തനംതിട്ട ജില്ലക്ക് മാത്രമല്ല, കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർക്കും ശബരിമല തീർത്ഥാടകർക്കും പ്രയോജനകരമാകും. മെഡിക്കൽ കോളേജ് സമയബന്ധിതമായി പൂർത്തിയാക്കും. 351 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. മാസ്റ്റർ പ്ലാൻ ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ തുക കിഫ്ബിയിൽ നിന്ന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ അദ്ധ്യക്ഷയായിരുന്നു. വനം മന്ത്രി കെ.കെ രാജു, എം.എൽ.എമാരായ കെ.യു ജനീഷ്‌കുമാർ രാജു എബ്രഹാം, വീണ ജോർജ് തുടങ്ങിയവരും പങ്കെടുത്തു.
2015ലാണ് കോന്നി മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ആരംഭിച്ചത്. രണ്ട് പ്രളയവും കൊവിഡുമെല്ലാം അതിജീവിച്ചാണ് ആശുപത്രിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയത്. നാളിതുവരെയുളള നിർമ്മാണ പ്രവർത്തികൾക്കായി 110 കോടി രൂപ ചെലവഴിച്ചു. ഇനി 85 കോടിയുടെ ചികിത്സാ ഉപകരണങ്ങൾ കൂടി എത്തിക്കേണ്ടതുണ്ട്. അടുത്ത അദ്ധ്യയന വർഷം ആദ്യ ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ അഡ്മിഷൻ നടക്കും. മെഡിക്കൽ കോളേജ് പൂർണമായി സജ്ജമാകുന്നതോടെ പ്രദേശത്തിന്റെ മുഖഛായ മാറും. നഗരത്തിന് തുല്യമായ സൗകര്യങ്ങളുമായി മെഡിക്കൽ കോളേജും പരിസരവും ഒരു ടൗൺഷിപ്പായി മാറും.
കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം പഞ്ചായത്തിലെ അമ്പതേക്കറിലാണ് ആശുപത്രിയും കോളേജും നിർമിച്ചത്. ആകെ 83 ഡോക്ടർമാർമാർ അടക്കം 106 തസ്തികകളിൽ നിയമനവും നടത്തി. മുന്നൂറ് കിടക്കകൾ ആദ്യഘട്ടത്തിൽ ഉണ്ടാവും. പ്രിൻസിപ്പലിന്റെയും ആശുപത്രി സൂപ്രണ്ടിന്റെയും ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ക്യാന്റീൻ, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ, ലോൺട്രി, അനിമൽ ഹൗസ്, ഓഡിറ്റോറിയം, മോർച്ചറി തുടങ്ങിയവ രണ്ടാംഘട്ട നിർമാണത്തിൽ ഉൾപ്പെടുത്തി. ഇത് കിഫ്ബി മുഖേന നടപ്പാക്കുന്നതിനായി 351.72 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ഇതിനായി 338.5 കോടിയുടെ പ്രപ്പോസൽ കിഫ്ബിക്ക് നൽകി. ഇതുകൂടാതെ മെഡിക്കൽ കോളേജിന്റെ നിർമ്മാണത്തിനായി 5 കോടി രൂപ വകയിരുത്തി.