tarpan

സാഗർ : സുഹൃത്ത് ബന്ധം എന്നത് എല്ലാത്തിനും അപ്പുറമാണ്. ഒരിക്കലും അവിടെ ജാതിയ്ക്കോ മതത്തിനോ പണത്തിനോ ഒന്നും ഒരു സ്ഥാനവുമില്ല. ഇത് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഒരു മദ്ധ്യപ്രദേശ് സ്വദേശി. ഹിന്ദു ആചാര പ്രകാരം സെപ്റ്റംബർ 1 മുതൽ 17 വരെ പിതൃപക്ഷാ സമയമാണ്. ഉത്തരേന്ത്യയിലുടെനീളം ഹിന്ദു മതത്തിൽപ്പെട്ടവർ മൺമറഞ്ഞ് പോയ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർമിക്കുന്ന ദിവസങ്ങളാണ് ഇത്. മദ്ധ്യപ്രദേശിലെ സാഗർ നഗരത്തിലെ ചതുർഭട്ട ഗ്രാമത്തിൽ ജീവിക്കുന്ന പണ്ഡിറ്റ് റാം നരേഷ് ദുബേയ് എന്നയാളും തന്റെ പ്രിയപ്പെട്ട ഒരാൾക്ക് ആദരമർപ്പിക്കുകയാണ്. മൂന്ന് വർഷം മുമ്പ് ഒരു റോഡ് അപകടത്തിൽ മരിച്ച സയ്യീദ് വാഹിദ് അലി എന്ന മുസ്ലീം സുഹൃത്തിന് വേണ്ടിയാണ് വിശുദ്ധദിനങ്ങൾ നരേഷ് നീക്കിവച്ചിരിക്കുന്നത്. കുട്ടിക്കാലം മുതൽ ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു.

സാഗർ ജില്ലയിൽ അഭിഷാകനായി ജോലി ചെയ്യുകയായിരുന്നു വാഹിദ് അലി. വാഹിദിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കാനും അടുത്തൊരു ജന്മമുണ്ടെങ്കിൽ വാഹിദിനെ തന്നെ സുഹൃത്തായി കിട്ടണേ എന്നാണ് തന്റെ പ്രാർത്ഥനയെന്നും നരേഷ് പറയുന്നു. തന്റെ കുടുംബത്തിലെ മൺമറഞ്ഞ് പോയവർക്കൊപ്പം തന്നെ വാഹിദ് അലിയ്ക്കും പിതൃപക്ഷ ദിനങ്ങളിൽ തർപ്പണം മുടങ്ങാതെ നടത്തുന്നുണ്ട്. 2017ൽ തന്റെ പിതാവ് മരിച്ചതിന് ശേഷവും നരേഷ് തങ്ങളെ സന്ദർശിക്കാറുണ്ടെന്നും തന്റെ പിതാവിന്റെ ഓർമയ്ക്കായി നരേഷ് പതിവായി പ്രത്യേക പ്രാർത്ഥനകൾ നടത്താറുണ്ടെന്നും നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തിന്റെയും മതേതരത്വത്തിന്റെയും ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാണിതെന്നും വാഹിദ് അലിയുടെ മകൻ പറഞ്ഞു.