arrest

ദുബായ്: പ്രാദേശിക കഫേയിൽ മാന്യമല്ലാത്ത രീതിയിൽ നൃത്തം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്. നൃത്തം ചെയ്യുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണിത്.

വീഡിയോ റെക്കാർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത മറ്റൊരു യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതു ധാർമ്മികത ലംഘിക്കുന്ന ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനാണ് ഇയാൾക്കെതിരായ നടപടിയെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന കഫേയ്ക്കെതിരെ പിഴ ചുമത്തിയ അധികൃതർ സ്ഥാപനം അടപ്പിച്ചു.

യു.എ.ഇ പീനൽ കോഡിലെ ആർട്ടിക്കിൾ (358) അനുസരിച്ച് പൊതുസ്ഥലത്ത് അധിക്ഷേപകരവും നിന്ദ്യവുമായ പ്രവൃത്തിയിൽ ഏർപ്പെട്ടാൽ കുറഞ്ഞത് ആറുമാസത്തേക്ക് തടവുശിക്ഷ ലഭിക്കുമെന്ന് ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സേലം അൽ ജല്ലഫ് പറഞ്ഞു.