plane

ചണ്ഡിഗഢ്: ചണ്ഡിഗഢിലെ ഓപ്പറേഷൻസ് ബേസിൽ എല്ലാം റെഡിയാണ്. ചൈനീസ് അതിർത്തിയിൽ അടക്കം എന്ത് പ്രശ്നമുണ്ടായാലും അപ്പോൾ ആക്ഷൻ റെഡി. നിർണായകമായ നീക്കങ്ങൾക്ക് സഹായകമാകുന്ന ഒാപ്പറേഷൻസ് ബേസാണ് ചണ്ഡിഗഢിലേത്. ലഡാക്കിലും കാർഗിലിലും ത്വരിതഗതിയിൽ സൈന്യത്തെ വിന്യസിക്കാൻ കഴിയും. വൈവിദ്ധ്യമാർന്ന ഉപയോഗങ്ങൾക്ക് സാദ്ധ്യമാവുന്ന റാഫേൽ, എ.എൻ-32, എെ.എൽ-76 വിമാനങ്ങൾക്ക് ചണ്ഡിഗഢ് താവളത്തിൽ നിന്ന് ഏതു നിമിഷവും ജമ്മു-കാശ്മീരിലേക്കും സിയാച്ചിനിലേക്കും പറക്കാൻ കഴിയും.വ്യോമസേനയുടെ ആക്രമണ നിരയിൽ റാഫേൽ വിമാനം കൂടി അണിചേർന്നതോടെ ഇന്ത്യയുടെ ആകാശ പ്രതിരോധക്കോട്ട സുശക്തമായി.

അംബാലയിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് പോർവിമാന വ്യൂഹത്തിൽ റാഫേൽ അംഗമായത്. ചീനൂക്ക്, അപ്പാച്ചെ ഹെലികോപ്ടറുകളും കഴിഞ്ഞവർഷം സേനയിൽ അണി ചേർന്നിരുന്നു. ഇതോടെ തന്ത്രപ്രധാനമായ പശ്ചിമമേഖലയിൽ എല്ലായിടത്തും ട്രൂപ്പുകളും യുദ്ധസാമഗ്രികളും അതിവേഗം എത്തിക്കാൻ ഇന്ത്യൻ വ്യോമസേനയ്ക്ക് കഴിയുമെന്നായി. ചൈനയുടെയും പാകിസ്ഥാന്റെയും നിരന്തര ഭീഷണിയും അധിനിവേശവും നേരിടുന്ന ജമ്മു-കാശ്മീർ മേലഖയിലും ലഡാക്കിലും സിയാച്ചിനിലും പറന്നിറങ്ങാനും ആക്രമണം നടത്താനും

കഴിയും.

ചൈനയുമായുള്ള ഉരസലിനിടെയാണ് റാഫേൽ എന്ന അത്യാധുനിക പോർ വിമാനം എത്തുന്നത്. 2016 ലാണ് 59,000 കോടി രൂപയ്ക്ക് 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി ഇന്ത്യ കരാറൊപ്പിട്ടത്.

ആദ്യബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഹരിയാനയിലെ അംബാല എയർബേസിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ 'ഗോൾഡൻ ആരോസ് സ്ക്വാഡ്രണി'ൽ ചേർത്തത്. നവംബറിൽ അഞ്ച് വിമാനങ്ങൾ കൂടി എത്തും. അടുത്ത സ്ക്വാഡ്രൺ പശ്ചിമബംഗാളിലെ ഹസിമാരാ എയർബേസ് ആസ്ഥാനമായിട്ടാകും രൂപീകരിക്കുക. 2021 അവസാനത്തോടെ എല്ലാ വിമാനങ്ങളും എത്തുമെന്നാണ് പ്രതീക്ഷ.

heli

റാഫേൽ

23 വർഷം മുമ്പ് സുഖോയ്-30 വിമാനങ്ങൾ വാങ്ങിയശേഷം ഇപ്പോഴാണ് സേന അത്യാധുനിക വിമാനങ്ങൾ സ്വന്തമാക്കുന്നത്. നാലാം തലമുറ ജറ്റ് വിമാനമായ റാഫേലിന് രണ്ടു എൻജിനുകളാണുള്ളത്. അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളുള്ള വിവിധോദ്ദേശ്യ വിമാനമാണിത്. ഒരേസമയം എട്ട് ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. അതിനാൽ പൈലറ്റിന് കടുത്ത ഭീഷണിയാവുന്ന ഏറ്റവും അടുത്ത ലക്ഷ്യത്തിൽ ശ്രദ്ധയൂന്നാനാവും.

ലഡാക്ക് പോലെ പ്രതികൂല കാലാവസ്ഥയുള്ള പ്രദേശങ്ങളിലേക്ക് ഏറ്റവും അനുയോജ്യം. മിസൈലുകളെ നേരിടാനും കഴിയും. പത്ത് ടൺ ഭാരമുള്ള വിമാനത്തിന് 14.5 ടൺ ഭാരം വഹിച്ച് ശബ്ദത്തിന്റെ ഇരട്ടി വേഗത്തിൽ പറക്കാവും.

ചിനൂക്

2019 മാർച്ചിലാണ് ബോയിംഗ് നിർമ്മിതമായ ചിനൂക്ക് ഹെലികോപ്ടറുകൾ സേനയുടെ ഭാഗമാകുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള 15 ഹെലികോപ്ടറുകളാണ് അന്ന് വാങ്ങിയത്. പട്ടാളക്കാരെയും യുദ്ധസാമഗ്രികളേയും കയറ്റി പ്രതികൂല കാലാവസ്ഥയിലും പറക്കാൻ കഴിയുന്ന ചിനൂക് ദുരന്തവേളകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം.

അപ്പാച്ചെ

എല്ലാ ആധുനിക ഇലക്ട്രോണിക് യുദ്ധസന്നാഹങ്ങളുമുള്ള ആറ് അപ്പാച്ചെ ഹെലികോപ്ടറുകൾ കഴിഞ്ഞ സെപ്തംബറിൽ എത്തി. പഴക്കമേറിയ എം.എെ-35 ഹെലികോപ്ടറുകൾക്ക് പകരമായാണ് ബോയിംഗിന്റെ ഇൗ ഹെലികോപ്ടർ എത്തിയത്. അപ്പാച്ചെയിൽ നിന്ന് വെടിയുതിർക്കാൻ കഴിയുന്നതിനൊപ്പം ടാങ്ക് വേധ മിസൈൽ, എയർ ടു എയർ മിസൈൽ, റോക്കറ്റ് തുടങ്ങിയവ പ്രതിരോധിക്കാനും കഴിയും.