swapna

തൃശൂർ: നെഞ്ചുവേദനയെത്തുടർന്ന് ഞായറാഴ്ച രണ്ടാമതും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സ്വർണക്കടത്തുകേസ് പ്രതി സ്വപ്നയെ ഇന്ന് ആൻജിയോഗ്രാമിന് വിധേയയാക്കും. ഹൃദയത്തിലേക്കുള്ള രക്തധമനികളിൽ തടസമുണ്ടോ എന്നറിയാനാണ് പരിശോധന.

വയറുവേദനയെ തുടർന്ന് സ്വപ്നക്കൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പ്രതി കെ.ടി. റമീസിന് ഇന്ന് എൻഡോസ്‌കാേപ്പി നടത്തും. രണ്ടുപേർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. തടവുകാരുടെ വാർഡിലാണ് ഇരുവരും. എക്കോ ടെസ്റ്റിന് വിധേയയായ സ്വപ്നയുടെ ആരോഗ്യനില മെഡിക്കൽ ബോർഡ് വിലയിരുത്തുന്നുണ്ട്.

ആറ് ദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ചയാണ് സ്വപ്‌ന ആശുപത്രി വിട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഇ.സി.ജിയിൽ നേരിയ വ്യതിയാനം കണ്ടപ്പോഴാണ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്.

മാനസിക സമ്മർദം മൂലം ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹത്തിന്റെ അളവു നേരിയ തോതിൽ കുറഞ്ഞതായിരുന്നു അസ്വസ്ഥതയ്ക്ക് കാരണം. തുടർന്ന് എല്ലാ പരിശോധനകളും നടത്തി ആവശ്യമായ ചികിത്സയും നൽകി. രക്തപ്രവാഹം സാധാരണ നിലയിലായപ്പോഴാണ് ഡിസ്ചാർജ് ചെയ്ത്. എന്നാൽ ഞായറാഴ്ച വൈകിട്ട് വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.