-kaun-banega-crorepati-

ഇത് സുശീൽ കുമാർ... മെഗാസ്റ്റാർ അമിതാഭ് ബച്ചൻ അവതരിപ്പിച്ച ക്വിസ് പരിപാടിയായ കോൻ ബനേഗാ ക്രോർപതി സീസൺ 5ലെ ജാക്പോട്ട് പ്രൈസ് ആയ 5 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യവാൻ. സ്വപ്നതുല്യമായ ഒരു ജീവിതമാണ് ഇത് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് വരിക. എന്നാൽ ഇവിടെ കഥ വിപരീതമായാണ് സംഭവിച്ചത്. ഇത്രയും വലിയ ഒരു തുക ലഭിച്ചെങ്കിലും പിന്നീട് തന്റെ ജീവിതത്തിലെ ഒരു ഇരുണ്ട അദ്ധ്യായത്തിലേക്കാണ് സുശീൽ കടന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ധ്യാപന ജോലി നയിച്ച് പുകവലി നിറുത്തിയും പാരിസ്ഥിതിക പ്രവർത്തനങ്ങളിലും ഏർപ്പെട്ട് മാന്യമായ ജീവിതം നയിക്കുകയാണ് സുശീൽ. എന്നാൽ തന്റെ ജീവിതത്തിൽ സംഭവിച്ച ആ ഇരുണ്ട അദ്ധ്യായത്തെ പറ്റി സുശീൽ തന്നെയാണ് ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചിരിക്കുന്നത്. ' കോൻ ബനേഗാ ക്രോർപതി വിജയത്തിന് ശേഷമുള്ള തന്റെ ജീവിത്തിന്റെ ഏറ്റവും മോശം ഘട്ടം ' എന്ന തലക്കെട്ടോടുകൂടിയായിരുന്നു പോസ്റ്റ്.

 സുശീലിന്റെ കുറിപ്പ്

' 2015 -2016 ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിട്ട സമയമായിരുന്നു. എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. നാട്ടിൽ ഒരു സെലിബ്രിറ്റി പരിവേഷമായിരുന്നു എനിക്ക്. ബീഹാറിന് പുറത്തും അല്ലാതെയുമായി മാസം 10 മുതൽ 15 പരിപാടികളിൽ വരെ അതിഥി ആയി ക്ഷണിക്കപ്പെട്ടു. പഠനങ്ങളിൽ നിന്നെല്ലാം ഞാൻ വ്യതിചലിക്കപ്പെട്ടിരുന്നു. ഒരു 'ലോക്കൽ സെലിബ്രിറ്റി ' പരിവേഷമുണ്ടായിരുന്നതിനാൽ മാദ്ധ്യമ പ്രവർത്തകരും എന്നെ തേടിയെത്തി. അഭിമുഖങ്ങൾക്കും ലേഖനങ്ങൾക്കും അവർ എന്നെ സമീപിച്ചു. എന്ത് പറയണമെന്നോ എങ്ങനെ പറയണമെന്നോ ഒന്നും വലിയ ധാരണയില്ലായിരുന്നു. എനിക്ക് പ്രത്യേകിച്ച് ജോലി ഒന്നുമില്ലെന്ന കാര്യം ഞാൻ അതോടെ മറന്നുപോയി.

-kaun-banega-crorepati-

ഇതിനിടെ ഞാൻ ഒരു മനുഷ്യ സ്നേഹിയായി കഴിഞ്ഞിരുന്നു. നിരവധി പേർക്ക് രഹസ്യമായി സംഭാവനകൾ നൽകി. പലരും എന്നെ പറ്റിച്ചു. എന്നാൽ വളരെ വൈകിയാണ് ഞാൻ അത് തിരിച്ചറിഞ്ഞത്. ഇതോടെ എന്റെ കുടുംബ ബന്ധത്തിലും വഴക്കുണ്ടാകാൻ തുടങ്ങി. ശരിയും തെറ്റും തിരിച്ചറിയാതെ പോകുന്ന എന്നെ എന്റെ ഭാര്യ കുറ്റപ്പെടുത്തി. ഭാവിയെ പറ്റി എനിക്ക് ഒരു ചിന്തയുമില്ലെന്ന് അവൾ പറഞ്ഞു. ഒടുവിൽ ഞങ്ങൾ പരസ്പരം വഴക്കിലേക്ക് കലാശിച്ചു. ഇതിനിടെ പല സർവകലാശാലയിലെയും ഉന്നത പഠന വിദ്യാർത്ഥികളെയും തിയേറ്റർ ആർട്ടിസ്റ്റുകളെയും പരിചയപ്പെട്ടു. അവരുമായി സംസാരിക്കുന്നതിലൂടെ എനിക്ക് ഒരു കാര്യം മനസിലായി. എല്ലാ വിഷയത്തെയും പറ്റി ജ്ഞാനമുള്ളയാളല്ല ഞാൻ. അവരോട് സംസാരിക്കാൻ വരെ എനിക്ക് പേടിയായി. പതിയെ ഞാൻ മദ്യപാനത്തിനും പുകവലിയ്ക്കും അടിമയായി. ഡൽഹിയിൽ ഒരാഴ്ച താമസിക്കുന്നതിനിടെ മദ്യപാനത്തിനും പുകവലിയ്ക്കുമൊക്കെ നിരവധി കൂട്ടുകെട്ടുകൾ ലഭിച്ചു.

ഒരു സിനിമാക്കഥ പോലെയാണ് ഞാൻ പാപ്പരായി മാറിയത്. ഒരു ദിവസം ' പ്യാസ ' എന്ന സിനിമ കണ്ടു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. സിനിമ ക്ലൈമാക്സ് എത്തി. ഇതിനിടെ എന്റെ ഭാര്യ മുറിയിലേക്ക് കയറി വന്നു. കണ്ട സിനിമ ഇങ്ങനെ വീണ്ടും വീണ്ടും കണ്ടാൽ വട്ടു പിടിക്കുമെന്ന് അവൾ പറഞ്ഞു. മുറിയിൽ നിന്നും പോകാൻ അവൾ ആവശ്യപ്പെട്ടു. ഞാൻ ലാപ്ടോപ്പ് അടച്ചു വച്ച് പുറത്ത് നടക്കാൻ ഇറങ്ങി. ഞാൻ ഭയങ്കര ദുഃഖിതനായിരുന്നു. നേരാവണ്ണം സംസാരിച്ചിട്ട് മാസങ്ങളായി. ഞാൻ നടക്കുന്നതിനിടെ ഒരു ഇംഗ്ലീഷ് പത്രത്തിലെ മാദ്ധ്യമപ്രവർത്തകൻ എന്റെ അടുത്തെത്തി എന്തോ ചോദിച്ചു. ആ ചോദ്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. എന്റെ എല്ലാ പണവും തീർന്നുവെന്നും എനിക്ക് രണ്ട് പശുക്കളുണ്ടെന്നും അതിന്റെ പാൽ വിറ്റാണ് ജീവിക്കുന്നതെന്നും പറഞ്ഞു ഞാൻ നടന്നു പോയി. പെട്ടെന്നായിരുന്നു എല്ലാം. പത്രത്തിൽ വാർത്ത വന്നതോടെ എല്ലാം മാറി മറിഞ്ഞു. എന്നെ തേടിയെത്തിയിരുന്ന പരിപാടികളെല്ലാം ഇല്ലാതായി. ആരും തിരിഞ്ഞുനോക്കിയില്ല. സെലിബ്രിറ്റി വേഷമൊക്കെ നഷ്ടമായി. ഇനിയെന്തെന്ന് ഞാൻ അപ്പോഴാണ് ചിന്തിച്ചത്.

-kaun-banega-crorepati-

എനിക്ക് സിനിമ വളരെ ഇഷ്ടമാണ്. ദേശീയ അവാർഡ്, ഓസ്കാർ നേടിയ ഭൂരിഭാഗം ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ട്. അതോടെ ഒരു സംവിധായകൻ ആകണമെന്ന് എനിക്ക് മോഹം തോന്നി. എന്റെ ഉത്തരവാദിത്വമില്ലായ്മ സഹിക്കാനാവാതെ ഭാര്യ വീടുവിട്ടിറങ്ങി അവളുടെ വീട്ടിൽ പോയി. ഡിവോഴ്സ് വേണമെന്ന് ആവശ്യപ്പെട്ടു. എന്റെ കുടുംബ ജീവിതം തകരാതിരിക്കാൻ ഉടൻ തന്നെ ഒരു സംവിധായകൻ ആയി മാറണമെന്നും നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണമെന്നും ഞാൻ ആഗ്രഹിച്ചു. ഞാൻ ഒരു നിർമാതാവിനെ സമീപിച്ചു. അദ്ദേഹം സംവിധാനത്തെ പറ്റി എന്നോട് ചില ചോദ്യങ്ങൾ ചോദിച്ചു. എനിക്ക് അതിനൊന്നും ഉത്തരം നൽകാൻ കഴിഞ്ഞില്ല. ടെക്നിക്കൽ വശങ്ങൾ മനസിലാക്കാൻ കുറച്ചുനാൾ ടെലിവിഷൻ മേഖലയിൽ ജോലി ചെയ്യാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. മുംബയിലെ ഒരു നിർമാതാവിനൊപ്പം എനിക്ക് ഒരു ജോലി അദ്ദേഹം തരപ്പെടുത്തി തന്നു. പിന്നീട് ഒരു വലിയ പ്രൊഡക്ഷൻ ഹൗസിൽ എനിക്ക് ജോലി കിട്ടി. കഥ, തിരക്കഥ, സംഭാഷണം, കോസ്റ്റ്യൂം, സംവിധാനം ഇവയൊക്കെ എന്താണെന്ന് ഞാൻ പഠിച്ചു. എന്നാൽ മുറികളിലും അടുക്കളയിലും കോടതി പരിസരത്തും മാത്രമുള്ള ഷൂട്ടിംഗ് കണ്ട് മടുത്ത ഞാൻ പെട്ടെന്നൊരു ദിവസം ആ മേഖല വിടാൻ തീരുമാനിച്ചു.

ഒരു സംവിധായകനാകണമെന്ന സ്വപ്നവുമായി മുംബയിലെത്തിയ ഞാൻ അതോടെ ഗാനരചയിതാവായ എന്റെ സുഹൃത്തിനൊപ്പം താമസിക്കാൻ തുടങ്ങി. ഞാൻ വീണ്ടും പഴയ പോലെ സിനിമകൾ കാണാൻ തുടങ്ങി. പതിയെ ഞാൻ ആ സത്യം ഞാൻ മനസിലാക്കി. സംവിധായകൻ ആകാനുള്ള അടങ്ങാത്ത മോഹമല്ല എന്നെ മുംബയിലെത്തിച്ചത്. ശരിക്കും ഞാൻ യാഥാർത്ഥ്യങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് ചെയ്യുന്നത്. നമുക്ക് ഇഷ്ടമുള്ള ജോലി ചെയ്യണം. ഒരു സെലിബ്രിറ്റി പരിവേഷത്തേക്കാൾ വലുത് നല്ല മനുഷ്യനായി ജീവിക്കുക എന്നതാണ്. ഞാൻ എഴുതിയ മൂന്ന് സ്ക്രിപ്റ്റുകൾ ഒരു പ്രൊഡക്ഷൻ ഹൗസിന് നൽകി. അവർക്ക് അത് ഇഷ്ടപ്പെടുകയും എനിക്ക് ഇരുപതിനായിരം രൂപ നൽകുകയും ചെയ്തു. അതും കൊണ്ട് ഞാൻ നാട്ടിലേക്ക് മടങ്ങി. അദ്ധ്യാപകന്റെ കുപ്പായമണിഞ്ഞു. പതിയെ ജീവിതത്തിലേക്ക് മടങ്ങിയെത്തി. കുടുംബത്തെ തിരികെ ലഭിച്ചു. മദ്യപാനവും പുകവലിയും നിറുത്തി. പരിസ്ഥിതി പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു. എനിക്ക് ഒരുപാട് സന്തോഷവും സമാധാനവും നൽകുന്ന മേഖലയാണത്. ഇപ്പോൾ ജീവിക്കാനുള്ള പണം മാത്രമാണ് ഞാൻ സമ്പാദിക്കുന്നത്. '