തിരുവനന്തപുരം: റംസാൻ കാലത്ത് സക്കാത്ത് കൊടുക്കലും മതഗ്രന്ഥങ്ങൾ വിതരണം ചെയ്യലും എവിടെയും കുറ്റകരമായ കാര്യമല്ലെന്നും ഇതിനായി യു.എ.ഇ കോൺസുലേറ്റ് ജനറൽ മന്ത്രി കെ.ടി ജലീലുമായി ബന്ധപ്പെട്ടത് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺസുലേറ്റ് ജനറലുമായി ഫോണിലൂടെ ബന്ധപ്പെട്ട കാര്യം തെളിവുസഹിതം മന്ത്രി ജലീൽ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിൽ ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല. സാധാരണഗതിയിൽ ഇത്തരമൊരു കാര്യവുമായി ബന്ധപ്പെടേണ്ട ആൾ തന്നെയാണ് വഖഫ് മന്ത്രി കൂടിയായ ജലീൽ. മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിക്കെതിരെ നിരവധി പരാതികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പോയിരുന്നുവെന്നും പരാതിയുമായും ഖുറാൻ വന്നതുമായും ബന്ധപ്പെട്ടാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ ജലീൽ തെറ്റായ ഇടപെടൽ നടത്തിയിട്ടില്ല. അദ്ദേഹത്തിന് നേരെ വന്നിട്ടുള്ളത് കെട്ടിച്ചമച്ച കഥകളാണ്. അതിന്റെ പേരിൽ ജലീൽ രാജിവയ്‌ക്കേണ്ട കാര്യമില്ല. മന്ത്രിയുടെ പേരിൽ ഒരു കുറ്റവും ആരോപിക്കാനാവില്ല. മുഖ്യമന്ത്രി പറയുന്നു.