ന്യൂഡൽഹി : കോടിക്കണക്കിന് രൂപ ചെലവഴിച്ച് കൊവിഡ് 19നുള്ള ഒരു മരുന്ന് കണ്ടുപിടിക്കാനുള്ള പ്രയത്നത്തിലാണ് ലോകമെമ്പാടുമുള്ള ഫാർമ കമ്പനികൾ. എന്നാൽ ഇത്രയും മാരകമായ ഒരു വൈറസിൽ നിന്നും രക്ഷനേടാൻ വിചിത്രമായ ചില മാർഗങ്ങൾ നിർദ്ദേശിച്ചിരിക്കുകയാണ് രാജസ്ഥാനിൽ നിന്നുള്ള ഒരു ബി.ജെ.പി എം.പി. ചെളിയിൽ മുങ്ങി ഇരിക്കുക, മഴ നനയുക, ശംഖ് ഊതുക തുടങ്ങിയവയാണ് എം.പിയുടെ നിർദ്ദേശങ്ങൾ. രാജസ്ഥാനിലെ സവായി മദോപൂർ മണ്ഡലത്തിൽ നിന്നുള്ള എം.പിയായ സുഖ്ബീർ സിംഗ് ജോൻപൂരിയയാണ് ചെളിയ്ക്ക് രോഗപ്രതിരോധശേഷി കൂട്ടാൻ കഴിവുണ്ടെന്ന കണ്ടുപിടിത്തത്തിന് പിന്നിൽ. ഒരു തുറന്ന വയലിൽ ചെളിയിൽ മുങ്ങിയിരിക്കുന്ന തന്റെ വീഡിയോ സുഖ്ബീർ ഓഗസ്റ്റ് 13ന് തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.
ചെളിയിൽ മുങ്ങി ഇരുന്ന ശേഷം ചില കുറ്റിച്ചെടികൾക്കും മരത്തിനും നേരെ നടക്കുന്ന സുഖ്ബീർ ചില ഇലകൾ പറിച്ച് കഴിക്കുന്നതും വീഡിയോയിൽ കാണാം. ഇലകളുടെ നീര് പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നായിരുന്നു കാരണമായി പറഞ്ഞത്. ' നിങ്ങളുടെ ശ്വാസകോശവും വൃക്കകളും ശുദ്ധമാണെങ്കിൽ അത് നിങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. മരുന്ന് കഴിച്ചതുകൊണ്ട് രോഗപ്രതിരോധ ശേഷി കൂടില്ല. അതിന് മഴ നനയൂ. ചെളി പുരട്ടുന്നതിന് മടി വേണ്ട. നടക്കുക, സൈക്കിളിംഗ് ശീലമാക്കുക. ഇതെല്ലാം നിങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ' സുഖ്ബീർ പറയുന്നു. ഇത് പറയുമ്പോൾ സുഖ്ബീറിന്റെ വലത് കൈയ്യിൽ ഒരു ശംഖും ഉണ്ടായിരുന്നു. ' നിരന്തര പരിശീലനത്തിലൂടെ തുടർച്ചയായ രണ്ട് മിനിറ്റ് എനിക്ക് ശംഖ് ഊതാൻ കഴിയും. കൊവിഡ് വരുന്നതിന് മുമ്പ് 10 മുതൽ 20 സെക്കന്റ് മാത്രമായിരുന്നു എനിക്ക് അതിന് കഴിഞ്ഞിരുന്നത്.