ഡൊമിനിക്ക് തീം യു.എസ് ഓപ്പൺ പുരുഷ ചാമ്പ്യൻ
ഫൈനലിൽ സ്വരേവിനെ കീഴടക്കി
ന്യൂയോർക്ക് : യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം അവിശ്വസനീയ തിരിച്ചു വരവിലൂടെ ഡൊമിനിക്ക് തീം സ്വന്തമാക്കി. ജർമ്മൻ താരം അലക്സാണ്ടർ സ്വരേവിനെതിരെ ആദ്യ രണ്ട് സെറ്റം നഷ്ടമാക്കിയ ശേഷമാണ് അടുത്ത മൂന്ന് സെറ്റും സ്വന്തമാക്കി തീം കരിയറിലെ കന്നി ഗ്രാൻഡ്സ്ലാം കിരീടമുറപ്പിച്ചത്. നിർണായകമായ അഞ്ചാം സെറ്റ് ടൈബ്രേക്കറിലൂടെ ജയിച്ചാണ് ആസ്ട്രിയൻ സെൻസേഷൻ ചാമ്പ്യൻപട്ടം ഉറപ്പിച്ചത്. 4 മണിക്കൂറും 2 മിനിട്ടും നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിൽ 2-6, 4-6,6-4,6-3,7-6 നായിരുന്നു തീമിന്റെ വിജയം.
ഓപ്പൺ കാലഘട്ടത്തിൽ ആദ്യമായാണ് യു.എസ് ഓപ്പൺ ഫൈനലിൽ ആദ്യ രണ്ട് സെറ്റും കൈവിട്ട താരം ജയിച്ചു കയറുന്നത്. ടൈബ്രേക്കറിലൂടെ ഫൈനൽ വിജയിയെ കണ്ടെത്തിയ ആദ്യ യു.എസ് ഓപ്പൺ ഫൈനൽ കൂടിയായി ഇത്തവണത്തെ തീം-സ്വരേവ് പോരാട്ടം.
2014ന് ശേഷം ആദ്യമായാണ് മുൻവർഷങ്ങളിൽ ഗ്രാൻഡ്സ്ലാം കിരീടം നേടാത്ത പുതിയൊരു താരം ഒരു ഗ്രാൻഡ്സ്ലാം ഫൈനൽ ജയിക്കുന്നത്. നാല് ഗ്രാൻഡ്സ്ലാം ഫൈനലുകൾ തീം കളിച്ചിട്ടുണ്ടെങ്കിലും ചാമ്പ്യനാകുന്നത് ആദ്യമായാണ്. 2018, 2019 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പണിലും ഇത്തവണ ആസ്ട്രേലിയൻ ഓപ്പണിലും തീം ഫൈനലിൽ എത്തിയിരുന്നു.
ആദ്യ സെറ്റിൽ സ്വരേവ് തുടക്കം മുതൽ ആധിപത്യം നേടി. 4 എയ്സുകളും 15 വിന്നേഴ്സും ആദ്യസെറ്റിൽ സ്വരേവിന്റെ റാക്കറ്റിൽ നിന്ന് പിറന്നു. തീം വരുത്തിയ പിഴവുകളും സ്വരേവിന് നേട്ടമായി. രണ്ടാം സെറ്റിലും മുന്നേറ്റം തുടർന്ന് സ്വരേവ് മൂന്ന് തവണ സെറ്റ് പോയിന്റ് മിസാക്കിയെങ്കിലും 6-4ന് ആ സെറ്റ് സ്വന്തമാക്കി. എന്നാൽ മൂന്നാം സെറ്റിലും നാലാം സെറ്റിലും തിരിച്ചടിച്ച തീം യഥാക്രമം 6-4,6-3 ന് സെറ്റുകൾ സ്വന്തമാക്കി. തുടർന്ന് നിർണായകമായ അഞ്ചാം സെറ്റിൽ ഒരു ഘട്ടത്തിൽ 3-5ന് തീം പിന്നിലായിരുന്നെങ്കിലും പൊരുതിക്കയറി 6-5ന് ലീഡ് നേടി. തുടർന്ന് ടൈ ബ്രേക്ക് ചെയ്ത് ആർതർ ആഷെ കോർട്ടിൽ തീം ചരിത്രം കുറിച്ചു.
ഞങ്ങൾ രണ്ട് പേരും ജയിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയായിരുന്നു. ഈ കിരീടം ഞങ്ങൾ രണ്ടുപേരും അർഹിച്ചിരുന്നു.
ഡൊമിനിക്ക് തീം
ആദ്യ ഗ്രാൻഡ് സ്ലാം നേടിയ തീമിന് അഭിനന്ദനങ്ങൾ. ഇത് വളരെ കടുപ്പമേറിയ ഒരു യുദ്ധമായിരുന്നു.
അലക്സാണ്ടർ സ്വരേവ്
ഓർമ്മിക്കാൻ
ഡൊമിനിക്ക് തീമിന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം.ഇതിനു മുമ്പ് കളിച്ച മൂന്ന് ഗ്രാൻഡ് സ്ലാം ഫൈനലിനും തീം തോറ്റിരുന്നു
യു.എസ് ഓപ്പൺ ഫൈനലിൽ ആദ്യ രണ്ട് സെറ്റും നഷ്ടപ്പെടുത്തിയ ശേഷം ചാമ്പ്യനാകുന്നത് 71 വർഷത്തിനിടെ ആദ്യം
2014ന് ശേഷം ആദ്യമായാണ് മുൻവർഷങ്ങളിൽ ഗ്രാൻഡ്സ്ലാം കിരീടം നേടാത്ത താരം ഗ്രാൻഡ്സ്ലാം ചാമ്പ്യനാകുന്നത്.
2016 ലെ യു.എസ് ഓപ്പണിന് ശേഷം ആദ്യമായാണ് നദാലൊ, ഫഡററോ, ജോക്കോവിച്ചോ ആല്ലാതെ പുതിയൊരു താരം ഗ്രാൻഡ് സ്ലാം ചാമ്പ്യനാകുന്നത്.