മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് അന്തരിച്ച ചലച്ചിത്രതാരം സുകുമാരന്റേത്. സിനിമയിലും ജീവിതത്തിലും മക്കളുടെ നേട്ടങ്ങള്‍ നേരില്‍ കാണാൻ സാധിക്കുന്നതിനു മുന്‍പെ വേര്‍പിരിയേണ്ടി വന്ന അദ്ദേഹത്തെ കുടുംബചിത്രത്തിലേക്ക് വരച്ചു ചേര്‍ത്ത് പൃഥ്വിരാജിന് സമ്മാനിച്ചിരിക്കുകയാണ് ആര്‍ടിസ്റ്റ് മുസു.
അതിമനോഹരമായ കുടുംബചിത്രം പൃഥ്വിരാജ് സ്വന്തം പേജില്‍ പങ്കുവച്ചു. സുകുമാരന്റെ മടിയിലിരിക്കുന്ന അല്ലി... മല്ലിക സുകുമാരന്റെ മടിയില്‍ നക്ഷത്ര. മുത്തശ്ശിയെ ചേര്‍ത്തു പിടിച്ച് പാത്തു. ഇവര്‍ക്കു പിന്നില്‍ പുഞ്ചിരി തൂകി ഇന്ദ്രജിത്തും പൂര്‍ണിമയും പൃഥ്വിരാജും സുപ്രിയയും. 'ഒരു നിറഞ്ഞ കുടുംബം' എന്നായിരുന്നു ആര്‍ടിസ്റ്റ് മുസു താന്‍ വരച്ച ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്. ഈ കുടുംബചിത്രം യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജ് സ്വന്തം പേജില്‍ പങ്കുവച്ചത്. ഇതിനു മുന്‍പും കുടുംബത്തോടൊപ്പമുള്ള പൃഥ്വിരാജിന്റെ ചിത്രത്തില്‍ സുകുമാരനെ വരച്ചു ചേര്‍ത്തിട്ടുണ്ട് ആര്‍ടിസ്റ്റ് മുസു.